Latest NewsIndia

ബിജെപി ഡൽഹിയിൽ പ്രകടന പത്രിക പുറത്തിറക്കി; സ്ത്രീകൾക്ക് 2500 രൂപ പെൻഷൻ, 500 രൂപയ്ക്ക് എൽപിജി

അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടിയെ ആക്രമിച്ചുകൊണ്ട് നിലവിലുള്ള പൊതുജനക്ഷേമ പദ്ധതികളിലെ എല്ലാ അഴിമതി ആരോപണങ്ങളും അന്വേഷിക്കുമെന്ന് നദ്ദ

ന്യൂഡൽഹി : ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ പ്രകടന പത്രികയുടെ ആദ്യ ഭാഗം ബിജെപി പ്രസിഡന്റ് ജെ പി നദ്ദ വെള്ളിയാഴ്ച പുറത്തിറക്കി. സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ സഹായം, 500 രൂപയ്ക്ക് എൽപിജി സിലിണ്ടറുകൾ, മുതിർന്ന പൗരന്മാർക്ക് 2,500 രൂപ പെൻഷൻ എന്നിവ പ്രഖ്യാപിച്ചു.

ബിജെപി അധികാരത്തിലെത്തിയാൽ ഡൽഹിയിൽ നിലവിലുള്ള എല്ലാ പൊതുജനക്ഷേമ പദ്ധതികളും തുടരുമെന്നും അദ്ദേഹം ഉറപ്പുനൽകി.
‘സങ്കൽപ് പത്രത്തിന്റെ ആദ്യ ഭാഗം പുറത്തിറക്കി പത്രസമ്മേളനത്തിൽ സംസാരിച്ച നദ്ദ വികസിത ഡൽഹിയുടെ അടിത്തറയാണ് പാർട്ടിയുടെ പ്രകടന പത്രികയെന്ന് പറഞ്ഞു.

അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടിയെ ആക്രമിച്ചുകൊണ്ട് നിലവിലുള്ള പൊതുജനക്ഷേമ പദ്ധതികളിലെ എല്ലാ അഴിമതി ആരോപണങ്ങളും അന്വേഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ നേതൃത്വത്തിലുള്ള ഡൽഹി സർക്കാർ അതിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിൽ നഗരത്തിൽ ‘ആയുഷ്മാൻ ഭാരത്’ നടപ്പിലാക്കുന്നതിന് അംഗീകാരം നൽകുമെന്നും 5 ലക്ഷം രൂപയുടെ അധിക ആരോഗ്യ പരിരക്ഷ നൽകുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.

“ബിജെപി ദരിദ്ര വിഭാഗങ്ങളിലെ സ്ത്രീകൾക്ക് 500 രൂപയ്ക്ക് എൽപിജി സിലിണ്ടറുകൾ നൽകും. ഹോളി, ദീപാവലി ദിവസങ്ങളിൽ ഓരോ സിലിണ്ടർ വീതം സൗജന്യമായി നൽകും,” -അദ്ദേഹം പറഞ്ഞു. കൂടാതെ 60-70 വയസ്സിനിടയിലുള്ള മുതിർന്ന പൗരന്മാർക്ക് 2,500 രൂപയും 70 വയസ്സിനു മുകളിലുള്ളവർക്ക് 3,000 രൂപയും പെൻഷൻ നൽകുമെന്നും ബിജെപി പ്രസിഡന്റ് വാഗ്ദാനം ചെയ്തു.

ഡൽഹിയിൽ ഫെബ്രുവരി 5 ന് വോട്ടെടുപ്പ് നടക്കും. ഫെബ്രുവരി 8 ന് ഫലം പ്രഖ്യാപിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button