Latest NewsIndia

ഡോ. എസ് സോമനാഥിന്റെ പിൻ​ഗാമിയായി ഐഎസ്ആർഒയുടെ പുതിയ ചെയർമാനായി ഡോ. വി നാരായണൻ സ്ഥാനമേൽക്കും

ന്യൂഡൽഹി: ഐഎസ്ആർഒയുടെ പുതിയ ചെയർമാനായി ഡോ. വി നാരായണൻ എത്തും. നിലവിൽ തിരുവനന്തപുരം വലിയമലയിലെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെൻ്ററിൻ്റെ (LPSC) ഡയറക്ടറായ നാരായണൻ തമിഴ്നാട്ടിലെ കന്യാകുമാരി സ്വദേശിയാണ്. ബഹിരാകാശവകുപ്പ് സെക്രട്ടറിയുടെയും ബഹിരാകാശ കമ്മിഷൻ ചെയർമാന്റെയും ചുമതലകളും നാരായണനാകും. നിലവിലെ ചെയർമാൻ ഡോ. എസ്. സോമനാഥ് സ്ഥാനമൊഴിയുന്ന ജനുവരി 14-നാണ് വി നാരായണൻ ഐഎസ്ആർഒ ചെയർമാനായി ചുമതലയേൽക്കുക.

റോക്കറ്റ് & സ്പേസ് ക്രാഫ്റ്റ് പ്രൊപ്പൽഷൻ വിദഗ്ധനായ ഡോ. വി നാരായണൻ 1984-ലാണ് ഐഎസ്ആർഒയിൽ എത്തിയത്. എൽപിഎസ് സിയുടെ ഡയറക്ടറാകുന്നതിന് മുമ്പ് വിവിധ പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്. പ്രാരംഭ ഘട്ടത്തിൽ, നാലര വർഷക്കാലം, വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിലെ (VSSC) സൗണ്ടിംഗ് റോക്കറ്റുകളുടെയും ഓഗ്മെൻ്റഡ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (എഎസ്എൽവി), പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പിഎസ്എൽവി) എന്നിവയുടെ സോളിഡ് പ്രൊപ്പൽഷൻ ഏരിയയിലും പ്രവർത്തിച്ചു. അബ്ലേറ്റീവ് നോസൽ സിസ്റ്റങ്ങൾ, കോമ്പോസിറ്റ് മോട്ടോർ കേസുകൾ, കോമ്പോസിറ്റ് ഇഗ്നൈറ്റർ കേസുകൾ എന്നിവയുടെ പ്രോസസ് പ്ലാനിംഗ്, പ്രോസസ് കൺട്രോൾ, റിയലൈസേഷൻ എന്നിവയിൽ സംഭാവന നൽകി.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഖരഗ്പൂരിലെ പൂർവ്വ വിദ്യാർത്ഥിയാണ് ഡോ. വി നാരായണൻ. എംടെക്കും 1989-ൽ ക്രയോജനിക് എഞ്ചിനീയറിംഗിൽ ഒന്നാം റാങ്കും 2001-ൽ എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗിൽ പി.എച്ച്.ഡിയും നേടി. ഖരഗ്‌പൂർ ഐഐടിയിൽ നിന്ന് എംടെക്കിൽ ഒന്നാം റാങ്കിന് വെള്ളി മെഡലും ആസ്‌ട്രോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ (എഎസ്ഐ) സ്വർണ്ണ മെഡലും നേടിയിട്ടുണ്ട്.ഡോ. വി നാരായണൻ ഇൻ്റർനാഷണൽ അക്കാദമി ഓഫ് അസ്‌ട്രോനോട്ടിക്‌സിലെ (IAA) അംഗമാണ്. ഇന്ത്യൻ നാഷണൽ അക്കാദമി ഓഫ് എഞ്ചിനീയറിംഗിൻ്റെ ഫെലോ, ഇൻ്റർനാഷണൽ ആസ്ട്രോനോട്ടിക്കൽ ഫെഡറേഷൻ്റെ സ്‌പേസ് പ്രൊപ്പൽഷൻ കമ്മിറ്റി അംഗം, ഇന്ത്യൻ സൊസൈറ്റി ഓഫ് സിസ്റ്റംസ് ഫോർ സയൻസ് ആൻഡ് എഞ്ചിനീയറിംഗിൻ്റെ (ISSE), ഫെല്ലോ ഇൻസ്റ്റിറ്റിയൂഷൻ ഓഫ് എഞ്ചിനീയേഴ്‌സ് (ഇന്ത്യ), ഇന്ത്യൻ ക്രയോജനിക് കൗൺസിലിൻ്റെ ഫെല്ലോ, എയറോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ഫെലോ, ഐഎൻഎഇ ഗവേണിംഗ് കൗൺസിൽ അംഗമായും സേവനമനുഷ്ഠിച്ചു.

വിവിധ ദേശീയ അന്തർദേശീയ പ്രൊഫഷണൽ ബോഡികളിൽ അംഗമാണ്. ഗവേണിംഗ് കൗൺസിൽ അംഗമായും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയുടെ (ഐഐഎസ്‌ടി) ബോർഡ് അംഗമായും ചില എഞ്ചിനീയറിംഗ് കോളേജുകളിലെ അക്കാദമിക് കൗൺസിൽ അംഗമായും സേവനമനുഷ്ഠിക്കുന്നു. ഇത് ഏറെ നിർണായകമായ ഉത്തരവാദിത്വമാണെന്നായിരുന്നു പുതിയ സ്ഥാനലബ്ധിയെ കുറിച്ച് ഡോ. വി നാരായണന്റെ പ്രതികരണം. പ്രധാനമന്ത്രിയോടും കേന്ദ്രസർക്കാരിനോടും നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിക്രം സാരാഭായി അടക്കമുള്ള പ്രമുഖർ വഹിച്ച സ്ഥാനമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആ സഥാനത്തേക്ക് തന്നെ പരിഗണിച്ചതിൽ രാജ്യത്തോട് നന്ദി പറയുന്നു. നിറയെ പരിപാടികൾ ഉള്ള സമയത്തതാണ്‌ പുതിയ സ്ഥാനം. എല്ലാവരുടെയും പിന്തുണ വേണമെന്നും അദ്ദേഹം പറഞ്ഞു. രണ്ടു വർഷത്തേക്കാണ് നിയമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button