ആലപ്പുഴ: ദാരിദ്ര്യത്തെയും വിധിയുടെ ക്രൂരതകളെയും തോല്‍പ്പിച്ച് മഞ്ജുഷ ഡോക്ടറാകും. നീറ്റ് പരീക്ഷയില്‍ പട്ടികജാതി വിഭാഗത്തില്‍ 77-ാം റാങ്കാണ് മഞ്ജുഷ സ്വന്തമാക്കിയത്. ആലപ്പുഴ മംഗലം കാഞ്ഞിരംചിറ വാര്‍ഡ് തെക്കേവെളിയില്‍ പുരുഷോത്തമന്റെയും ചെല്ലമ്മയുടെയും ഇളയമകളാണ് പി.കെ മഞ്ജുഷ. ആലപ്പുഴ സെന്റ് ആന്റണീസ് സ്‌കൂളിലെ പഠനത്തിനിടെ ചെന്നിത്തല നവോദയ വിദ്യാലയയില്‍ പ്രവേശനം ലഭിച്ചു. പഠിക്കാന്‍ മിടുക്കിയായിരുന്ന മഞ്ജുഷ എസ്.എസ്.എല്‍.സിക്കും പ്ലസ് ടുവിനും എല്ലാ വിഷയത്തിനും എ പ്ലസ് നേടി.
ലോട്ടറി വില്‍പനക്കാരനായിരുന്ന അച്ഛന്‍ പുരുഷോത്തമന്‍ ഏഴു വര്‍ഷം മുമ്പ് ഹൃദയാഘാതം മൂലം മരിച്ചതോടെ അമ്മ ചെല്ലമ്മ ലോട്ടറി വില്‍പന ഉപജീവനമാര്‍ഗമാക്കി. നാലു വര്‍ഷം മുമ്പ് ആലപ്പുഴ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിനടുത്തുവച്ച് വാഹനാപകടത്തില്‍ ചെല്ലമ്മയ്ക്കു പരുക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ മാനസിക പ്രശ്‌നങ്ങളുണ്ടാകുകയും ചെയ്തതോടെ മഞ്ജുഷയും മൂത്ത സഹോദരി മഹേശ്വരിയുമടങ്ങുന്ന കുടുംബത്തിന്റെ ജീവിതം വഴിമുട്ടി. ഇതിനിടെ മഹേശ്വരിയുടെ വിവാഹം നടന്നു.
എസ്.എസ്.എല്‍.സിക്കും പ്ലസ് ടുവിനും നല്ല മാര്‍ക് ലഭിച്ചതറിഞ്ഞ നാട്ടുകാര്‍ മഞ്ജുഷയ്ക്കു തുണയായെത്തിഎന്‍ട്രന്‍സ് പരിശീലനത്തിനു സഹായം നല്‍കാതെ പലരും പിന്തിരിഞ്ഞിടത്ത് തിരുവല്ലയിലെ ദര്‍ശന അക്കാദമി ഡയറക്ടര്‍ ഫാ. തോമസ് പുതുശേരി താങ്ങായി. പഠനവും താമസവുമെല്ലാം സൗജന്യമായി നല്‍കി. വിജയവിവരമറിഞ്ഞ് മധുരവുമായി ഫാ. പുതുശേരി വീട്ടിലെത്തുകയും ചെയ്തു. ഒരുപാടുപേരുടെ കാരുണ്യമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് മഞ്ജുഷ പറഞ്ഞു. എയിംസിന്റെ പ്രവേശന പരീക്ഷയിലും റാങ്ക് പ്രതീക്ഷയുണ്ട്. നീറ്റ് പരീക്ഷയുടെ സമയത്ത് രോഗാവസ്ഥ മൂര്‍ഛിച്ച അമ്മ ചെല്ലമ്മയ്ക്ക് ഫാ. പുതുശേരി ഇടപെട്ട് ചികിത്സ ലഭ്യമാക്കി. അവര്‍ മോനിപ്പള്ളിയിലെ മാനസികാരോഗ്യ കേന്ദ്രത്തിലാണ്.
Post Your Comments