ഇടുക്കി: പുല്ലുപാറക്ക് സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം നാലായി. മാവേലിക്കര സ്വദേശികളായ അരുൺ ഹരി, രമ മോഹൻ, സംഗീത്, ബിന്ദു എന്നിവരാണ് മരിച്ചത്. ബസിൽ 34 യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് ഉണ്ടായത്. ഇന്ന് രാവിലെ 6.15 ഓടെയായിരുന്നു അപകടം. മാവേലിക്കരയിൽ നിന്ന് കെഎസ്ആർടിസി നടത്തിയ വിനോദ യാത്രയ്ക്ക് പോയവരാണ് അപകടത്തിൽ പെട്ടത്.
തഞ്ചാവൂർ ക്ഷേത്രത്തിലേക്ക് പോയി മടങ്ങി വരുന്ന വഴിയാണ് അപകടം. പുല്ലുപാറയ്ക്ക് സമീപം ബസ് റോഡിൽ നിന്ന് 30 അടിയോളം താഴ്ചയിലേക്കാണ് മറിഞ്ഞത്. അപകടത്തിൽ ബസിനടിയിൽപെട്ടവരാണ് മരിച്ചതെന്നാണ് വിവരം.മരിച്ചവരുടെ മൃതദേഹങ്ങൾ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരുക്കേറ്റ രണ്ട് പേരെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
മറ്റുള്ളവരെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും കാഞ്ഞിരപ്പള്ളിയിലെ ആശുപത്രിയിലും എത്തിച്ചു. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണോ അപകടത്തിന് കാരണമായതെന്ന് സംശയിക്കുന്നു. കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയിൽ കൊടും വളവുകൾ നിറഞ്ഞ റോഡിൽ ഒരു ഭാഗം കൊക്കയാണ്. ബ്രേക്ക് പൊട്ടി വാഹനം റോഡിൻ്റെ ബാരിക്കേഡ് തകർത്ത് താഴ്ചയിലേക്ക് പോവുകയായിരുന്നു. ഇവിടെ മരത്തിൽ തട്ടി ബസ് നിന്നതിനാൽ കൂടുതൽ ദുരന്തം ഒഴിവായി.
Post Your Comments