KeralaLatest News

10 വര്‍ഷത്തെ പിണക്കം മറന്ന് ചെന്നിത്തല പെരുന്നയില്‍: പൊതുസമ്മേളനം ഉദ്ഘാടനം ഉടൻ

കോട്ടയം: 148-ാമത് മന്നം ജയന്തി ആഘോഷത്തിന്റെ ഭാഗമായുള്ള പൊതു സമ്മേളനത്തിന്റെ ഉദ്ഘാടനം ഉടൻ. കോൺഗ്രസ് പ്രവർത്തക സമിതി അംഗവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല എംഎൽഎ അൽപ സമയത്തിനകം ഉദ്ഘാടനം നിർവഹിക്കും. കെ. ഫ്രാൻസിസ് ജോർജ് എംപിയാണ് മുഖ്യപ്രഭാഷണം നടത്തുക. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരും മറ്റു സമുദായ നേതാക്കളും പങ്കെടുക്കും. സമുദായ പ്രൗഢിയും സംഘടനാ അടിത്തറയുടെ കെട്ടുറുപ്പും വിളിച്ചോതിയ അഖില കേരള നായർ പ്രതിനിധി സമ്മേളനത്തോടെയാണു മന്നത്ത് പത്മനാഭന്റെ ജയന്തി ആഘോഷത്തിനു ഇന്നലെ തിരി തെളി‍ഞ്ഞത്.

മന്നത്തിന്റെ ദർശനങ്ങളാണ് എന്നും എൻഎസ്എസിന്റെ വഴികാട്ടിയെന്ന് സ്വാഗത പ്രസംഗത്തിൽ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. അദ്ദേഹത്തിന്റെ ദർശനങ്ങൾ ഉൾക്കൊണ്ട് ഈ കാലത്തോളം മുന്നോട്ട് പോകാനായി എന്നതാണ് എൻഎസ്എസിനെ വ്യത്യസ്തമാക്കുന്നത്. അദ്ദേഹം സാമൂഹിക സാംസ്കാരിക മേഖലയിൽ വിപ്ലവകരമായ പരിവർത്തനം വരുത്തി. കർമ പ്രഭാവത്താൽ ശൂന്യതയിൽ നിന്ന് അത്ഭുതങ്ങൾ സൃഷ്ടിച്ച യുഗപ്രഭാവനാണ് അദ്ദേഹം. കാലാതീതമാണ് മന്നത്ത് ആചാര്യന്റെ ദർശനങ്ങൾ എന്നും സുകുമാരൻ നായർ പറഞ്ഞു.

മന്നം സമാധിയിൽ പ്രാർഥന പുഷ്പങ്ങൾ അർപ്പിക്കാൻ ആയിരക്കണക്കിനു പേരാണ് എത്തുന്നത്. 10 വർഷത്തെ പിണക്കം മറന്ന് എൻഎസ്എസ് രമേശ് ചെന്നിത്തലയെ വീണ്ടും വേദിയിലേക്ക് ക്ഷണിച്ചത് ചർച്ചയായിരുന്നു. സുകുമാരൻ നായരുടെ താക്കോൽ സ്ഥാന പ്രസ്താവന ചെന്നിത്തല തള്ളിയതിനെ തുടർന്നായിരുന്നു ഇരുവരും തമ്മിൽ അകന്നത്. ചെന്നിത്തല പെരുന്നയിൽ എത്തുന്ന ചടങ്ങിൽ മന്ത്രിമാർക്കും കോൺഗ്രസിലെയും ബിജെപിയിലെയും നേതാക്കൻമാർക്ക് ക്ഷണമില്ലെന്നതും ശ്രദ്ധേയമാണ്. നേരത്തെ ഉദ്ഘാടനകനായി നിശ്ചയിച്ചിരുന്ന അറ്റോണി ജനറൽ വെങ്കിട്ടരമണി പിൻവാങ്ങിയതിനെ തുടർന്നാണ് ചെന്നിത്തലയെ ഉദ്ഘാടകനാക്കിയത്. ബിജെപി സമ്മർദ്ദത്തെ തുടർന്നാണ് അറ്റോണി ജനറൽ പിൻമാറിയതെന്നും ആക്ഷേപമുയർന്നിരുന്നു.

shortlink

Post Your Comments


Back to top button