കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം : ഇടുക്കി പാക്കേജിൽ ഉടൻ വേലികൾ നിർമ്മിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

ഇന്നലെ ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെയാണ് കാട്ടാനയുടെ ആക്രമണത്തിൽ അമർ ഇലാഹി കൊല്ലപ്പെട്ടത്

ഇടുക്കി: മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ മരിച്ച അമർ ഇലാഹിയുടെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ച് മന്ത്രി റോഷി അഗസ്റ്റിൻ. ഇത്തരം പ്രശ്നങ്ങൾക്കെതിരായ നടപടികൾ സ്വീകരിക്കുമെന്നും ഇടുക്കി പാക്കേജിൽ നിന്ന് വേലികൾ നിർമിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഇനി ഇങ്ങനെയൊരു സംഭവം ഉണ്ടാകരുത് എന്നുതന്നെയാണ് സർക്കാരും ആഗ്രഹിക്കുന്നത്. ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഭാഗത്തുനിന്ന് കാര്യക്ഷമമായുള്ള ഇടപെടലുകളെക്കുറിച്ച് ഗൗരവപരമായി കാണും. ഫെൻസിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യുകയെന്നത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.

ഇന്നലെ ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെയാണ് കാട്ടാനയുടെ ആക്രമണത്തിൽ അമർ ഇലാഹി (23) മരിച്ചത്. തേക്കിൻ കൂപ്പിൽ പശുവിനെ അഴിക്കാൻ പോയപ്പോഴായിരുന്നു ആക്രമണം. കൂടെയുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.

അമർ ഇലാഹിയെ തൊടുപുഴ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

Share
Leave a Comment