ചെന്നൈ: ചെന്നൈ അണ്ണാ സർവകലാശാല ക്യാമ്പസിനുള്ളിൽ വിദ്യാർത്ഥിനിക്ക് ക്രൂര പീഡനമേറ്റ സംഭവത്തിലെ പ്രതി വഴിയോര കച്ചവടക്കാരൻ. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. സർവകലാശാലക്ക് സമീപം വഴിയോരത്ത് ബിരിയാണി വിൽക്കുന്ന കോട്ടൂർ സ്വദേശി ജ്ഞാനശേഖരൻ എന്ന 37കാരനാണ് പിടിയിലായതെന്ന് ചെന്നൈ പൊലീസ് അറിയിച്ചു. പ്രതി കുറ്റം സമ്മതിച്ചെന്നും പൊലീസ് പറയുന്നു.
അണ്ണാ സർവകലാശാല ക്യാംപസിലെ ലാബിനു സമീപം തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് നടുക്കുന്ന സംഭവം. രണ്ടാം വർഷ മെക്കാനിക്കൽ എഞ്ചിനീയറിങ് വിദ്യാർത്ഥിനി കന്യാകുമാരി സ്വദേശിയാണ് പീഡിപ്പിക്കപ്പെട്ടത്. പെൺകുട്ടി സുഹൃത്തായ നാലാം വർഷ വിദ്യാർത്ഥിക്കൊപ്പം നിൽക്കുമ്പോൾ അപരിചിതനായ ഒരാൾ ഇവരുടെ അടുത്ത് എത്തി, പ്രകോപനമല്ലാതെ ഇരുവരെയും മർദ്ദിച്ചു.
ഇതോടെ പെൺകുട്ടിയെ തനിച്ചാക്കി ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഓടി രക്ഷപ്പെട്ടു. പിന്നാലെ അക്രമി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ബലാത്സഗം ചെയ്തെന്നാണ് പരാതി. പെൺകുട്ടി കരഞ്ഞപേക്ഷിച്ചിട്ടും അക്രമി പിന്‍മാറിയില്ലെന്ന് പരാതിയിൽ പറയുന്നു.
പീഡന വിവരം കോളേജിൽ അറിയിച്ച പെൺകുട്ടി കോട്ടൂർപുരം പൊലീസിൽ പരാതി നൽകുകയിരുന്നു. ഭാരതീയ ന്യായസംഹിതയുടെ 63, 64, 75 വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പെൺകുട്ടിയുടെ സുഹൃത്ത്, ക്യാമ്പസിലെ സുരക്ഷാ ജീവനക്കാർ തുടങ്ങി 20ലേറെ പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഡിഎംകെ സർക്കാരിന് കീഴിൽ ക്രമസമാധാന നില തകർന്നതിന്റെ തെളിവാണ് സംഭവമെന്ന് അണ്ണാ ഡിഎംകെയും ബിജെപിയും ആരോപിച്ചു. ക്യാമ്പാസിൽ എസ്എഫ്ഐ അടക്കം വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തി.
Post Your Comments