KeralaLatest NewsNews

‘നിങ്ങളിവിടെ അദ്ധ്യാപകർക്ക് കിടന്ന് കൊടുക്കുന്നുണ്ടോ’, ഭാഗ്യലക്ഷ്മി ലൈംഗികച്ചുവയോടെ സംസാരിച്ചു : പരാതി

വിദ്യാർത്ഥികളും എസ്‌എഫ്‌ഐ നേതാക്കളും തമ്മില്‍ വാക്കുതർക്കവുമുണ്ടായി

കൊച്ചി: തൃക്കാക്കര കെഎംഎം കോളേജില്‍ നടന്ന എൻസിസി ക്യാമ്പില്‍ അതിക്രമിച്ച്‌ കയറി സംഘർഷമുണ്ടാക്കിയ സംഭവത്തില്‍ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം ഭാഗ്യലക്ഷ്മി, എസ്.എഫ്.ഐ പ്രവർത്തകനായ ആദർശ് എന്നിവർ ഉള്‍പ്പടെ 10 പേർക്കെതിരെ പൊലീസ് കേസെടുത്തു.

ക്യാമ്പിലുണ്ടായ ഭക്ഷ്യവിഷ ബാധയെ തുടർന്ന് വിദ്യാർത്ഥികളുടെ രക്ഷിതാക്കളടക്കം കോളേജിലേക്കെത്തുകയും വാക്കു തർക്കവും സംഘർഷവും ഉണ്ടാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ അദ്ധ്യാപകരില്‍നിന്ന് മർദ്ദനം നേരിട്ടെന്ന ആരോപണവുമായി ഒരു വിഭാഗം വിദ്യാർത്ഥികൾ രംഗത്ത് എത്തിയതോടെ എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഭാഗ്യലക്ഷ്മി ഉള്‍പ്പടെയുള്ളവർ കോളേജിലെത്തിയിരുന്നു. എന്നാല്‍, കോളേജില്‍ അതിക്രമിച്ച്‌ കയറിയ ഭാഗ്യലക്ഷ്മി ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന് വിദ്യാർത്ഥിനികള്‍ ആരോപിച്ചു. ഇതോടെ വിദ്യാർത്ഥികളും എസ്‌എഫ്‌ഐ നേതാക്കളും തമ്മില്‍ വാക്കുതർക്കവുമുണ്ടായി.

ഭാഗ്യലക്ഷ്മി ‘നിങ്ങളിവിടെ അദ്ധ്യാപകർക്ക് കിടന്ന് കൊടുക്കുന്നുണ്ടോ’ എന്നും ‘ആരെയെങ്കിലും ഒളിപ്പിച്ചു വച്ചിട്ടുണ്ടോ’ എന്നും ചോദിച്ചുവെന്ന് വിദ്യാർത്ഥിനികള്‍ ആരോപിച്ചു. തങ്ങളുടെ അദ്ധ്യാപകരെ കുറിച്ച്‌ മോശമായി സംസാരിക്കാൻ നിങ്ങള്‍ ആരാണെന്നും വിദ്യാർത്ഥിനികള്‍ ഭാഗ്യലക്ഷ്മിയോട് ചോദിച്ചു. എന്നാല്‍ ഇത്തരത്തിലുള്ള ഒരു പരാമർശവും നടത്തിയിട്ടില്ലെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.

ക്യാമ്പില്‍ തിങ്കളാഴ്ച്ച രാത്രി ഭക്ഷ്യവിഷബാധയുണ്ടാകുകയും പലരും ഛർദ്ദിക്കുകയും തളർന്നുവീഴുകയും ചെയ്തു. തുടർന്ന് 72 വിദ്യാർഥികളെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button