Latest NewsKerala

വൈശാഖിന്റെ 25 വർഷങ്ങളായുള്ള കൈമുട്ട് വേദനയുടെ യഥാർത്ഥ കാരണം പട്ടിയുടെ പല്ല്! കണ്ടെത്തിയത് ശസ്ത്രക്രിയയിലൂടെ

ചേർത്തല: 25 വർഷം മുമ്പ് കടിച്ച പട്ടിയുടെ പല്ല് മുപ്പത്തിയാറുകാരന്റെ ശരീരത്തിൽ നിന്നും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. തണ്ണീർമുക്കം കുട്ടിക്കൽ വൈശാഖിന്റെ കൈമുട്ടിൽ 25 വർഷം കുടുങ്ങിക്കിടന്ന പട്ടിയുടെ പല്ലാണ് ചേർത്തല താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. ബുധനാഴ്ച താലൂക്ക് ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിൽ പുറത്തെടുത്തതോടെയാണ് വർഷങ്ങളായി യുവാവിനെ അലട്ടിയിരുന്ന കൈമുട്ടുവേദനയുടെ കാരണം പട്ടിയുടെ കൂർത്ത പല്ലായിരുന്നു എന്ന് വ്യക്തമായത്.

11 -ാം വയസ്സിൽ സ്‌കൂൾ വിദ്യാർത്ഥിയായിരിക്കേയാണ് വൈശാഖിനെ പട്ടികടിച്ചത്. പട്ടികടിയേറ്റസമയത്ത് മുറിവിന് പ്രാഥമിക ചികിത്സമാത്രമേ ചെയ്തിരുന്നുള്ളൂ. മുറിവുണങ്ങിയതിനാൽ തുടർചികിത്സ നടത്തിയില്ല. മുട്ടിന്റെ ഭാഗത്ത് തൊലിക്കടിയിൽ ചെറിയ മുഴയായതോടെ പല ഡോക്ടർമാരെയും കാണിച്ചെങ്കിലും പ്രശ്‌നം കണ്ടെത്തിയില്ല.

ഒടുവിലാണ് ചേർത്തല താലൂക്ക് ആശുപത്രിയിലെത്തിയത്. ബുധനാഴ്ച്ച കൈമുട്ടിനോട് ചേർന്ന ചെറിയ മുഴ നീക്കം ചെയ്യാനാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ നടത്തുമ്പോൾ പട്ടികടിയുടെ കാര്യം സർജൻ ഡോ. മുഹമ്മദ് മുനീർ അറിഞ്ഞിരുന്നില്ല. മുഴ മാറ്റുന്നതിനിടയിലാണ് ഡോക്ടറെ ഞെട്ടിച്ച് പല്ലിന്റെ ഭാഗം തെളിഞ്ഞുവന്നത്. അപ്പോഴാണ് 25 വർഷം മുൻപ് പട്ടികടിച്ച കാര്യം വൈശാഖ് പറഞ്ഞത്. മുട്ടിൽ തൊലിയോടു ചേർന്നാണ് കൂർത്തപല്ലിന്റെ പകുതിയോളം ഭാഗം കണ്ടെത്തിയത്.

പ്രധാന ഞരമ്പുകൾക്കിടയിൽ കുടുങ്ങിയ നിലയിലായിരുന്നു പല്ലിന്റെ ഭാഗം.നഴ്സിങ് ഓഫീസർമാരായ വി. ശ്രീകല, സാന്ദ്രാ സലിം, റിയ എന്നിവർ ശസ്ത്രക്രിയയിൽ സഹായികളായി. വൈശാഖ് ബുധനാഴ്ചതന്നെ ആശുപത്രിവിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button