India

ശല്യം സഹിക്കാതെ മുത്തശ്ശിയുടെ വീട്ടിലെത്തി: പ്രണയം നിരസിച്ച പതിനേഴുകാരിയെ യുവാവ് പെട്രോളൊഴിച്ച് കത്തിച്ചു കൊലപ്പെടുത്തി

വിജയവാഡ: പതിനേഴുകാരിയെ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. വിജയവാഡയ്ക്ക് സമീപത്തെ നന്ദ്യാലിലെ നന്ദികോട്കൂരിലാണ് സംഭവം. വേൽദുർതി മണ്ഡലിലെ സമർലകോട്ട സ്വദേശിയായ രാഘവേന്ദ്ര എന്നയാളാണ് പതിനേഴുകാരിയെ കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പകയിലാണ് ഇരുപത്തൊന്നുകാരൻ പെൺകുട്ടിയെ കൊലപ്പെടുത്തിയത്. തിങ്കളാഴ്ച്ച പുലർച്ചെ പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ ശേഷമാണ് ഇയാൾ പെൺകുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തിയത്. ​

മൂന്നു വർഷമായി പെൺകുട്ടിയെ ഇയാൾ പ്രണയമെന്ന പേരിൽ ശല്യം ചെയ്യുകയായിരുന്നു. യുവാവിന്റെ ശല്യം മൂലം പെൺകുട്ടിയെ വീട്ടുകാർ മുത്തശ്ശിയുടെ വീട്ടിലേക്ക് മാറ്റിയിരുന്നു. ഇവിടെയും എത്തി ശല്യം ചെയ്തിട്ടും പഠനം തുടരണമെന്നും പ്രണയത്തിന് താൽപര്യമില്ലെന്ന് പെൺകുട്ടി യുവാവിനോട് വിശദമാക്കിയിരുന്നു.

ഇതിൽ പ്രകോപിതനായി തിങ്കളാഴ്ച പുലർച്ചെയാണ് ഇയാൾ പെൺകുട്ടിയുടെ പഠന മുറിയിൽ അതിക്രമിച്ച് കയറിയത്. ശേഷം പെൺകുട്ടിയുടെ ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഉച്ചത്തിൽ നിലവിളിക്കാതിരിക്കാൻ വായിൽ തുണി തിരുകിയ ശേഷമായിരുന്നു കൊടും ക്രൂരത. പുകയും തീപിടിച്ചതും അയൽവാസികൾ വീട്ടിലേക്ക് എത്തിയപ്പോൾ കണ്ടത് പൊള്ളലേറ്റിട്ടും സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന യുവാവിനെയായിരുന്നു.

യുവാവിന്റെ ശല്യം സഹിക്കാൻ കഴിയാതെ വന്നതോടെ ആറ് മാസം മുൻപാണ് പെൺകുട്ടി മുത്തശ്ശിയുടെ വീട്ടിലെത്തിയത്. ഇയാൾക്കെതിരെ നേരത്തെ പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതിപ്പെട്ടിരുന്നതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അടുത്തടുത്ത ഗ്രാമങ്ങളിൽ നിന്നുള്ള യുവാവും പെൺകുട്ടിയും ഒരേ വിദ്യാഭ്യാസ സ്ഥാപനത്തിലായിരുന്നു പഠിച്ചിരുന്നത്. ഗുരുതരമായി പൊള്ളലേറ്റും ശരീരഭാഗങ്ങൾ കത്തിക്കരിഞ്ഞും പെൺകുട്ടി സംഭവ സ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടു. ദാരുണ സംഭവത്തിന് പിന്നാലെ നാട്ടുകാർക്കിടയിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. യുവാവിനെതിരെ മാതൃകാപരമായ ശിക്ഷാനടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് തെളിവുകൾ ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്. അക്രമത്തിനിടെ പൊള്ളലേറ്റ പ്രതി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button