Kerala

പമ്പയില്‍ സ്ത്രീകള്‍ക്ക് മാത്രമായി വിശ്രമ കേന്ദ്രം ഒരുക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

വനിതകള്‍ക്കായി പമ്പയില്‍ ഒരു വിശ്രമകേന്ദ്രം എന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്

പത്തനംതിട്ട: പമ്പയില്‍ സ്ത്രീകള്‍ക്ക് മാത്രമായി വിശ്രമ കേന്ദ്രം ഒരുങ്ങി. വനിതകള്‍ക്കായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിര്‍മ്മിച്ച വിശ്രമ കേന്ദ്രം (ഫെസിലിറ്റേഷന്‍ സെന്റര്‍) തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് ഉദ്ഘാടനം ചെയ്തു. പമ്പ ഗണപതി ക്ഷേത്രത്തിന് സമീപമാണ് വിശ്രമ കേന്ദ്രം ഒരുങ്ങിയിരിക്കുന്നത്.

ആയിരം സ്‌ക്വയര്‍ ഫീറ്റില്‍ 50 സ്ത്രീകള്‍ക്ക് ഒരേ സമയം ഉപയോഗിക്കാവുന്ന വിശ്രമ കേന്ദ്രമാണ് ഒരുക്കിയിരിക്കുന്നത്. ശീതീകരിച്ച ഫെസിലിറ്റേഷന്‍ സെന്ററില്‍ റെസ്റ്റ് റും, ഫീഡിങ് റൂം, ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവ ഉള്‍പ്പെടുന്നു. വനിതകള്‍ക്കായി പമ്പയില്‍ ഒരു വിശ്രമകേന്ദ്രം എന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. അതിനാണ് ഫെസിലിറ്റേഷന്‍ സെന്റര്‍ യാഥാര്‍ത്ഥ്യമായതോടെ പരിഹാരമാവുന്നത്.

തീര്‍ത്ഥാടകര്‍ക്ക് ഒപ്പം പമ്പയില്‍ എത്തുന്ന യുവതികള്‍ക്ക് സുഖമായും സുരക്ഷിതമായും വിശ്രമിക്കാന്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തനക്ഷമായതോടെ സാധിക്കും.
സന്നിധാനത്ത് ചോറൂണിനായി എത്തുന്ന കുഞ്ഞുങ്ങളുടെ അമ്മമാര്‍ക്ക് പമ്പയില്‍ തങ്ങേണ്ടി വരുമ്പോഴും ഈ സംവിധാനം പ്രയോജനപ്പെടുത്താന്‍ കഴിയും.

ഉദ്ഘാടന ചടങ്ങില്‍ പമ്പ സ്‌പെഷ്യല്‍ ഓഫീസര്‍ ജയശങ്കര്‍ ഐ.പി.എസ്, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരായ രാജേഷ് മോഹന്‍, ശ്യാമപ്രസാദ്, പമ്പ ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഷിബു. വി, അസിസ്റ്റന്റ് എന്‍ജിനീയര്‍ അരുണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button