India

ലോക ലഹരികച്ചവടത്തിന് പൂട്ടിടാൻ ഇനി ഇന്ത്യയുടെ നേതൃത്വം

ഐക്യരാഷ്ട്ര സഭയുടെ കമ്മീഷൻ ഓഫ് നാർക്കോട്ടിക് ഡ്രഗ്‌സിൻ്റെ അധ്യക്ഷ പദവി ചരിത്രത്തിലാദ്യമായി ഇന്ത്യക്ക്. കമ്മീഷൻ ഓൺ നാർക്കോട്ടിക് ഡ്രഗ്‌സിൻ്റെ (സിഎൻഡി) 68-ാമത് ഉച്ചകോടിയിൽ അധ്യക്ഷനായി ഇന്ത്യയെ തിരഞ്ഞെടുത്തതായി ഓസ്ട്രിയയിലെ ഇന്ത്യൻ എംബസി പ്രസ്താവനയിൽ അറിയിച്ചു. വിയന്നയിലെ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അംബാസഡർ ശംഭു എസ് കുമാരൻ യുഎൻ ഫോറത്തിൻ്റെ അധ്യക്ഷനായി ഔദ്യോഗികമായി ചുമതലയേറ്റു.

ഇന്ത്യയെ സിഎൻഡിയുടെ അധ്യക്ഷ പദവിയിലേക്ക് നിയമിക്കുന്നത് ഇതാദ്യമാണ്. ഇത് ആഗോളതലത്തിൽ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന നേതൃത്വപരമായ പങ്കിനെയും സ്ഥാപിതമായ ബഹുമുഖ സംവിധാനങ്ങളിലൂടെ അന്താരാഷ്ട്ര പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതിനുള്ള പ്രതിബദ്ധതയെയും ശക്തിപ്പെടുത്തുന്നുവെന്നും എംബസിയുടെ പ്രസ്താവനയിൽ പറയുന്നു. ആഗോള ചർച്ചകളിൽ വികസ്വര രാജ്യങ്ങളുടെ താൽപ്പര്യങ്ങളും കാഴ്ചപ്പാടുകളും പ്രതിഫലിപ്പിക്കാൻ ഇന്ത്യക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മയക്കുമരുന്നുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഐക്യരാഷ്ട്രസഭയുടെ പ്രധാന നയരൂപീകരണ സ്ഥാപനമാണ് സിഎൻഡി. ആഗോള മയക്കുമരുന്ന് പ്രവണതകൾ നിരീക്ഷിക്കാനും നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള നയങ്ങൾ രൂപീകരിക്കുന്നതിൽ അംഗരാജ്യങ്ങളെ സഹായിക്കുകയുമാണ് ഇതിന്റെ പ്രധാന കർത്തവ്യം. മയക്കുമരുന്ന് വ്യാപാരം തടയുന്നതിനായുള്ള അന്താരാഷ്ട്ര കൺവെൻഷനുകൾ നടപ്പിലാക്കുന്നതിന് മേൽനോട്ടം വഹിക്കുന്നതും സിഎൻഡിയാണ്. യുണൈറ്റഡ് നേഷൻസ് ഇക്കണോമിക് ആൻ്റ് സോഷ്യൽ കൗൺസിലിൻ്റെ (ഇക്കോസോക്ക്) ഫങ്ഷണൽ കമ്മീഷനുകളിൽ ഒന്നാണ് സിഎൻഡി.

വിയന്ന ആസ്ഥാനമായി പ്രവർത്തിക്കുന്ന യുഎൻ ഡ്രഗ്സ് ആൻഡ് ക്രൈം ഓഫീസിൻ്റെ (യുഎൻഒഡിസി) ഗവേണിംഗ് ബോഡിയും ഇതാണ്.നിയമവിരുദ്ധമായ മയക്കുമരുന്ന് കടത്ത്, ലഹരിവസ്തുക്കളുടെ ദുരുപയോഗം, അതുമായി ബന്ധപ്പെട്ട സാമൂഹികവും ആരോഗ്യപരവുമായ പ്രത്യാഘാതങ്ങൾ, മെഡിക്കൽ, ശാസ്ത്രീയ ആവശ്യങ്ങൾക്കായി അന്താരാഷ്ട്ര നിയന്ത്രിത വസ്തുക്കളുടെ ലഭ്യത എന്നിവ പോലുള്ള നിർണായക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിന് ഊന്നൽ നൽകിയാകും അടുത്ത വർഷം സിഎൻഡി ഉച്ചകോടി നടക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button