കാസർഗോഡ്: ദുബായ് വ്യവസായി പൂച്ചക്കാട് അബ്ദുൽ ഗഫൂർ ഹാജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജിന്നുമ്മ എന്ന ഷമീനയുടെ ജീവിതം അടിമുടി ദുരൂഹതകൾ നിറഞ്ഞതെന്ന് നാട്ടുകാർ. കാസർകോട് കൂളിക്കുന്നിൽ സാധാരണ കുടുംബത്തിൽ ജനിച്ചുവളർന്ന ഷമീനയുടെ സാമ്പത്തിക വളർച്ച വളരെ പെട്ടെന്നായിരുന്നു. ആഭിചാരത്തിലൂടെയും മന്ത്രവാദത്തിലൂടെയും മറ്റ് തട്ടിപ്പുകളിലൂടെയും നേടിയ പണമെല്ലാം ആഢംബര ജീവിതത്തിനായാണ് ഷമീന ഉപയോഗിച്ചത്.
കേരളത്തിൽ മാത്രമല്ല, കർണാടകയിലും ഷമീനയുടെ മന്ത്രവാദ തട്ടിപ്പിന് ഇരയായവർ ഏറെയുണ്ട് എന്നാണ് സുചന.ഷമീനയുടെ പ്രദേശത്തുള്ളവർക്കും ഈ യുവതിയുടെ ജീവിതം അജ്ഞാതമാണ്. വളരെ പാവപ്പെട്ട കുടുംബ പശ്ചാത്തലത്തിൽ നിന്നും യുവതി സമ്പന്നതയിലേക്ക് കുതിച്ചത് വളരെ പെട്ടെന്നായിരുന്നു. സാധാരണക്കാർ തിങ്ങിപ്പാർക്കുന്ന കൂളിക്കുന്നിൽ വൻ മതിൽക്കെട്ടിനുള്ളിൽ കൂറ്റൻ വീട് നിർമ്മിച്ച് സിസിടിവി ക്യാമറകളുടെ സുരക്ഷയൊരുക്കിയാണ് ഷമിന കഴിഞ്ഞിരുന്നത്.
ഈ വീട്ടിൽ എന്താണ് നടക്കുന്നതെന്ന് നാട്ടുകാർക്ക് ഇന്നും അറിയില്ല. രണ്ട് കാറുകളും യുവതിക്കുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.ഉപ്പും കടുകും കർപ്പൂരവും ഏലസും തകിടുമെല്ലാമായി മന്ത്രവാദം. 13 വയസുകാരി പാത്തുട്ടി ദേഹത്ത് കൂടിയതായി ഭാവിച്ച് ഉറഞ്ഞ് തുള്ളും. ഓരോ അഭിനയത്തിന് ശേഷവും കയ്യിലെത്തുന്ന തുക ഉപയോഗിക്കുന്നത് ആഡംബര ജീവിതത്തിനായിരുന്നു. കേരളത്തിൽ മാത്രമല്ല കർണാടകത്തിലും സജീവമാണ് ജിന്നുമ്മ. മുമ്പ് ഒരു ഹണി ട്രാപ്പ് കേസിൽ അറസ്റ്റിലായെങ്കിലും ഷമീന തട്ടിപ്പുകൾ അവസാനിപ്പിച്ചില്ല.
അന്ന് ജയിലിൽവെച്ച് പരിചയപ്പെട്ട ചില സ്ത്രീകളെ പിന്നീട് തന്റെ സഹായിയായി ഒപ്പം കൂട്ടുകയും ചെയ്തു ഈ യുവതി.പലർക്കും ജിന്നുമ്മയെ കുറിച്ച് ചോദിക്കുമ്പോൾ പറയാൻ പേടിയാണ്. ചിലർക്ക് ആകെ അങ്കലാപ്പ്. സമ്പന്നരെ മാത്രം ലക്ഷ്യമിട്ടായിരുന്നു ജിന്നുമ്മയുടെ പ്രവർത്തനം. ബാധയുണ്ടെന്നും ഒഴിപ്പിക്കണമെന്നും പറഞ്ഞ് ഭയപ്പെടുത്തൽ. ചിലപ്പോൾ മന്ത്രവാദത്തിലൂടെ സ്വർണ്ണം ഇരട്ടിപ്പിക്കാമെന്ന മോഹന വാഗ്ദാനം. ഏതായാലും തട്ടിപ്പിലൂടെ ഷമീനയുടെ കൈയിൽ വരുന്നത് ലക്ഷങ്ങളായിരുന്നു. സഹായികളായി സ്ത്രീകൾ അടങ്ങുന്ന സംഘമുണ്ട്.
സമ്പന്നരെ ക്യാൻവാസ് ചെയ്യാൻ മാത്രമായി മറ്റൊരു സംഘവും പ്രവർത്തിച്ചു.അബ്ദുൽ ഗഫൂർ ഹാജി കൊലക്കേസിൽ ഉദുമ മീത്തലെ മാങ്ങാട് കൂളിക്കുന്ന് സ്വദേശിനി കെ.എച്ച് ഷമീന എന്ന ജിന്നുമ്മ (38), ഭർത്താവ് ഉളിയത്തടുക്ക നാഷണൽ നഗർ സ്വദേശി ടി എം ഉബൈദ് എന്ന ഉവൈസ് (32), സഹായികളായ പള്ളിക്കര കീക്കാൻ മുക്കൂട് ജീലാനി നഗറിലെ അസ്നിഫ (36), മധൂർ കൊല്ല്യ ഹൗസിൽ ആയിഷ (43) എന്നിവരെയാണ് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
596 പവൻ സ്വർണം കൈക്കലാക്കാൻ വേണ്ടിയാണ് പ്രതികൾ അബ്ദുൾ ഗഫൂർ ഹാജിയെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് പറയുന്നത്. 2023 ഏപ്രിൽ 14നാണ് അബ്ദുൾ ഗഫൂർ ഹാജിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സ്വാഭാവിക മരണമെന്ന് കരുതി കുടുംബം സംസ്കാര ചടങ്ങുകളും നടത്തി. എന്നാൽ, വലിയതോതിൽ സ്വർണം നഷ്ടമായെന്ന് കണ്ടെത്തിയതോടെയാണ് കുടുംബാംഗങ്ങൾക്ക് ഹാജിയുടെ മരണത്തിൽ സംശയം തോന്നിയതും പരാതി നൽകിയതും.
പ്രതികൾ അബ്ദുൾ ഗഫൂർ ഹാജിയുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു. അദ്ദേഹത്തിൽ നിന്ന് നേരത്തെ കുറച്ച് സ്വർണം വാങ്ങിയിരുന്നു. ഇത് തിരിച്ചു ചോദിക്കാൻ തുടങ്ങിയതോടെ പണം ഇരട്ടിപ്പിച്ചു നൽകാൻ സഹായിക്കാമെന്ന് പറഞ്ഞാണ് പ്രതികൾ സംഭവ ദിവസം വീട്ടിലെത്തിയത്. തുടർന്നായിരുന്നു കൊലപാതകം. മാന്ത്രിക ഗുണങ്ങൾ ഉണ്ടെന്ന് വിശ്വസിപ്പിച്ച് ചില മരുന്നുകൾ ഗഫൂറിന് നൽകിയശേഷമായിരുന്നു കൊലപാതകം. വീട്ടിലെ അലമാരയിലുണ്ടായിരുന്ന സ്വർണവും കവർന്നു.
പ്രതികൾ തട്ടിയെടുത്ത സ്വർണം കാസർകോട്ടെ അഞ്ച് ജുവലറികളിൽ വിറ്റെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കാസർകോടിന് പുറത്തും സ്വർണ്ണം വിറ്റുവെന്നാണ് പ്രതികളുടെ മൊഴി, ഇതോടെ ജില്ലക്ക് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. സമാന രീതിയിൽ ഏതെങ്കിലും കുറ്റകൃത്യത്തിൽ ഇവർ പങ്കാളികളായായിട്ടുണ്ടോയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്.
ഷമീനക്ക് ക്രിമിനൽ പശ്ചാത്തലമുള്ളതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. വർഷങ്ങൾക്ക് മുൻപ് തീരപ്രദേശത്തെ ഒരു പ്രവാസിയെ ഹണി ട്രാപ്പിൽപെടുത്തി ആഭരണങ്ങളും പണവും തട്ടിയെടുത്ത കേസിൽ 14 ദിവസം ഇവർ ജയിലിൽ കിടന്നിരുന്നു. അന്ന് ഒപ്പം നിന്നവരാണ് ഇപ്പോഴത്തെ തട്ടിപ്പ് സംഘത്തിലുമുള്ളതെന്നാണ് പോലീസ് കണ്ടെത്തിയത്.പലയിടങ്ങളിൽ നിന്നായി ധാരാളം പണം ഇവർക്ക് കിട്ടിയിട്ടുണ്ട്. ഏലസ് ജപിച്ചു നൽകിയാൽ പോലും അമ്പതിനായിരം രൂപയൊക്കെയാണ് ജിന്നുമ്മ കൈപ്പറ്റിയിരുന്നതെന്നാണ് സൂചന.
Post Your Comments