ഇസ്രയേൽ – ലബനൻ വെടിനിർത്തൽ : സന്തോഷകരമായ വാർത്തയാണെന്ന് ബൈഡൻ

വാഷിങ്‌ടൻ : ഇസ്രയേൽ – ലബനൻ വെടിനിർത്തൽ ബുധനാഴ്ച പ്രദേശിക സമയം പുലർച്ചെ നാലു മുതൽ പ്രാബല്യത്തിൽ വരുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. വെടിനിർത്തൽ തീരുമാനം സംബന്ധിച്ച് പ്രഖ്യാപിക്കാൻ വൈറ്റ് ഹൗസിൽ നിന്ന് ലോകത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെടിനിർത്തൽ തീരുമാനം സന്തോഷകരമായ വാർത്തയാണെന്ന് ബൈഡൻ പറഞ്ഞു. ഗാസയിലെ സംഘർഷം അവസാനിപ്പിക്കാനും ഈ തീരുമാനം പ്രേരണയാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. മേഖലയിലെ സംഘർഷത്തിന് ശാശ്വത വിരാമം എന്ന നിലയിലാണ് വെടിനിർത്തലെന്നും അതേസമയം കരാർ ലംഘിച്ചാൽ സ്വയരക്ഷയെ കരുതി ശക്തമായി തിരിച്ചടിക്കാൻ ഇസ്രയേലിന് അവകാശമുണ്ടെന്നും ബൈഡൻ പറഞ്ഞു. ഇസ്രയേൽ – ലബനൻ വെടിനിർത്തൽ യാഥാർഥ്യമാകുന്നതോടെ ഗാസയിലും വെടിനിർത്തലിന് തന്റെ സർക്കാർ ശ്രമമാരംഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറ​ഞ്ഞു.

യുഎസും ഫ്രാൻസും മധ്യസ്ഥത വഹിച്ചാണ് വെടിനിർത്തൽ കരാറിന് രൂപം നൽകിയത്. വെടിനിർത്തൽ ധാരണയെ ലബനന്റെ കെയർടേക്കർ പ്രധാനമന്ത്രി നജീബ് മികാട്ടി സ്വാഗതം ചെയ്തു. അതേസമയം, ജോ ബൈഡന്റെ പ്രഖ്യാപനത്തിനു പിന്നാലെ ലബനനിലെ വടക്കൻ മേഖലയിൽ ഇസ്രയേൽ ആക്രമണം നടത്തി.

Share
Leave a Comment