വയനാടിന് പ്രിയപ്പെട്ടവളായി പ്രിയങ്ക ഗാന്ധി : ചരിത്രം വിജയം നേടിയത് നാല് ലക്ഷത്തിലധികം വോട്ടിൻ്റെ ഭൂരിപക്ഷത്തിന്

ഭൂരിപക്ഷത്തില്‍ ഇടിവുണ്ടാക്കുമെന്ന പ്രവചനങ്ങളെയെല്ലാം പ്രിയങ്ക കാറ്റില്‍പ്പറത്തി

കൽപ്പറ്റ : വയനാട്ടില്‍ ജനഹൃദയം കവർന്ന് കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി. 404619 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പ്രിയങ്കയുടെ ചരിത്ര വിജയം. ആകെ പോള്‍ ചെയ്ത വോട്ടിന്റെ 65.03 ശതമാവും സ്വന്തമാക്കി പ്രിയങ്ക ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് സ്വന്തമാക്കിയത്.

ഏഴ് മാസം മുമ്പ് സഹോദരന്‍ രാഹുല്‍ഗാന്ധി നേടിയ 3,64,422 വോട്ടിന്റെ ഭൂരിപക്ഷത്തെ മറികടന്നുള്ള റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ് പ്രിയങ്കയുടെ വിജയം. പോളിങ് 7 ശതമാനത്തിലധികം കുറഞ്ഞിട്ടും രാഹുല്‍ നേടിയതിനേക്കാള്‍ 40,197 വോട്ടുകള്‍ പ്രിയങ്കക്ക് അധികം നേടാനായി.

ഭൂരിപക്ഷത്തില്‍ ഇടിവുണ്ടാക്കുമെന്ന പ്രവചനങ്ങളെയെല്ലാം പ്രിയങ്ക കാറ്റില്‍പ്പറത്തി. ഇടതുപക്ഷ സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിയെയും ബി.ജെ.പി സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിനെയും നിഷ്പ്രഭമാക്കുന്ന മുന്നേറ്റമാണ് പ്രിയങ്ക നടത്തിയത്.

പ്രിയങ്ക ഗാന്ധി ആദ്യമായി ലോക്സഭയിലേക്ക് മത്സരിക്കാന്‍ തെരഞ്ഞെടുത്തത് സഹോദരന്‍ രാഹുല്‍ഗാന്ധി ഉപേക്ഷിച്ച വയനാടായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 73.57 ശതമാനം പോളിങ് രേഖപ്പെടുത്തിയ മണ്ഡലമായിരുന്നു വയനാട്.

Share
Leave a Comment