സംസ്ഥാനത്ത് തുലാവർഷം ശക്തമാകും : മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതോടെയാണ് കേരളത്തിൽ മഴ ശക്തി പ്രാപിക്കുന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത്
തുലാവർഷം ശക്തമായേക്കുമെന്ന്
കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതേ തുടർന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് യെല്ലോ അലേർട്ട്. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതോടെയാണ് കേരളത്തിൽ മഴ ശക്തി പ്രാപിക്കുന്നത്.

ഇന്ന് ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ശബരിമലയിൽ പമ്പയിലും സന്നിധാനത്തും നിലയ്ക്കലും ഉച്ചയ്ക്കുശേഷം മിന്നലോട് കൂടിയ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും. വരുന്ന മണിക്കൂറുകളിൽ കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

നിലവിൽ തെക്കൻ തമിഴ്നാടിനും ലക്ഷദ്വീപിനും മുകളിലായി രണ്ട് ചക്രവാത ചുഴികൾ സ്ഥിതിചെയ്യുന്നുണ്ട്.

Share
Leave a Comment