ഡെറാഡൂണിൽ കോളേജ് വിദ്യാർത്ഥികൾ മരിക്കാനിടയായ കാറപകടം : യാത്രക്കാർ മദ്യലഹരിയിലായിരുന്നുവെന്ന് റിപ്പോർട്ട്

എന്നാൽ വിദ്യാർത്ഥികൾ മദ്യപിച്ചിരുന്നോ എന്ന് പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല

ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ കഴിഞ്ഞ ചൊവ്വാഴ്ച ആറ് കോളേജ് വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ കാറപകടം മദ്യപിച്ചു വാഹനമോടിച്ചതിനെ തുടർന്നാണെന്ന് റിപ്പോർട്ട്. അപകടത്തിൽ മരിച്ച വിദ്യാർഥികൾ യാത്രപുറപ്പെടുന്നതിനു മുമ്പ് മദ്യപിക്കുന്ന വിഡിയോ പുറത്തുവന്നു. ഒരു ദേശീയ മാധ്യമമാണ് ഇത് പുറത്ത് വിട്ടത്.

എന്നാൽ വിദ്യാർത്ഥികൾ മദ്യപിച്ചിരുന്നോ എന്ന് പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ ഇനിയും ലഭിച്ചിട്ടില്ല. ആറ് യാത്രക്കാരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഗുരുതര പരിക്കേറ്റ 25കാരനെ ഗുരുതരമായ പരിക്കുകളോടെ സിനർജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഏത് സ്ഥാപനത്തിലാണ് വിദ്യാർഥികൾ പഠിച്ചതെന്ന് പോലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതേ സമയം നിയന്ത്രണാതീതമായ വേഗത്തിലാണ് വിദ്യാർഥികൾ കാറോടിച്ചതെന്ന് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്ന് പോലീസ് പറഞ്ഞു.

അമിതവേഗതയിൽ ഓടിച്ച കാർ ട്രക്കിനു പിന്നിലിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ശക്തി വളരെ കഠിനമായിരുന്നു. കാർ പൂർണമായും തകർന്നിട്ടുണ്ടെന്നും ശരീര ഭാഗങ്ങൾ ചിന്ന ഭിന്നമായിയെന്നുമാണ് പോലീസ് അറിയിച്ചത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Share
Leave a Comment