തിരുവനന്തപുരം: ഈ വർഷത്തെ ബീമാപള്ളി ഉറൂസ് ഉത്സവം ഡിസംബർ മൂന്ന് മുതൽ 13 വരെ നടക്കും. ഉറൂസ് നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി മന്ത്രി ജി.ആർ അനിലിന്റെ അധ്യക്ഷതയിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു.
തീർത്ഥാടകർക്കുള്ള സൗകര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും മുൻ വർഷത്തെക്കാൾ മികച്ച രീതിയിൽ ഉറൂസ് ഉത്സവം നടത്തുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി.
ഉറൂസ് നടത്തിപ്പിന്റെ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി സബ് കളക്ടർ ആൽഫ്രഡ് ഒ വിയെ നോഡൽ ഓഫീസറായി യോഗം ചുമതലപ്പെടുത്തി. ഉറൂസ് പ്രമാണിച്ച് ഡിസംബർ മൂന്നിന് തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ പ്രാദേശിക അവധി പ്രഖ്യാപിക്കും.
തീർത്ഥാടകരുടെ സുരക്ഷക്കും ക്രമസമാധാന പാലനത്തിനുമായി കൂടുതൽ പോലീസുകാരെ വിന്യസിക്കുന്നതിനും സിസിടിവി കാമറകൾ സ്ഥാപിക്കുന്നതിനും നടപടി സ്വീകരിക്കും.
ബീമാപള്ളിയിലേക്കുള്ള റോഡുകളുടെയും തെരുവ് വിളക്കുകളുടെയും അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തിയാക്കും. ഉത്സവമേഖലയിലെ മാലിന്യ പ്രശ്‌നങ്ങൾക്ക് അടിയന്തര പരിഹാരം കാണുന്നതിനും യോഗത്തിൽ തീരുമാനമായി.
Leave a Comment