ചെന്നൈ : മലയാളി യുവതിയെ അർധരാത്രി സുരക്ഷിതമല്ലാത്ത സ്ഥലത്ത് ഇറക്കിവിട്ട സംഭവത്തിൽ തമിഴ്നാട് എസ്ഇടിസി (സ്റ്റേറ്റ് എക്സ്പ്രസ് ട്രാൻസ്പോർട്ട് കോർപറേഷൻ) അന്വേഷണം ആരംഭിച്ചു. സർക്കാർ ബസിൽ യാത്ര ചെയ്തിരുന്ന യുവതിയുടെ പരാതിയിലാണു ഈ നടപടി.
ശ്രീപെരുംപുത്തൂരിലെ സ്വകാര്യ കോളജിൽ അധ്യാപികയായ കോഴിക്കോട് സ്വദേശിനിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. 420 രൂപയാണു ടിക്കറ്റ് നിരക്കെങ്കിലും ചില്ലറയില്ലാത്തതിനാൽ 500 രൂപയാണു നൽകിയത്. എന്നാൽ കൃത്യം തുക വേണമെന്ന് ആവശ്യപ്പെട്ട് കണ്ടക്ടർ ദേഷ്യപ്പെട്ട് പെരുമാറി.
ബെംഗളൂരുവിൽ നിന്നു ചെന്നൈയിലേക്കുള്ള എസ്ഇടിസി ബസിൽ യാത്ര ചെയ്ത തന്നോടു തുടക്കം മുതൽ ജീവനക്കാർ വളരെ മോശമായാണു പെരുമാറിയതെന്ന് യുവതി പറയുന്നു. അതുമാത്രമല്ല അർധരാത്രി സുരക്ഷിതമല്ലാത്ത സ്ഥലത്ത് ഇറങ്ങാനാണ് ആവശ്യപ്പെട്ടത്. എന്നാൽ കോളജിനു സമീപം ഇറക്കണമെന്ന് തുടർച്ചയായി സ്ത്രീ അഭ്യർഥിച്ചെങ്കിലും കണ്ടക്ടറും ഡ്രൈവറും സമ്മതിച്ചില്ല. എന്നാൽ
വൈകിട്ട് 6 കഴിഞ്ഞാൽ സ്ത്രീകൾക്ക് ഒറ്റയ്ക്കു സുരക്ഷിതമായി നടക്കാൻ പറ്റാത്ത സ്ഥലത്താണ് അർധരാത്രി ഇറക്കിവിട്ടതെന് പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ ഇഷ്ടം പോലെ ചെയ്തോ എന്നു പറഞ്ഞു വെല്ലുവിളിച്ചതായും യുവതി ശക്തമായി തന്നെ ആരോപിച്ചു.
അതേ സമയം ബസ് ജീവനക്കാർക്കെതിരെ തീർച്ചയായും നടപടി ഉണ്ടാകുമെന്ന് എസ്ഇടിസി എംഡി ആർ.മോഹൻ പറഞ്ഞു. രാത്രിയിൽ യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലത്ത് ഇറക്കണമെന്ന് ജീവനക്കാർക്കു നിർദേശം നൽകിയതായും അറിയിച്ചു. കൂടാതെ ചില്ലറ പ്രശ്നം ഒഴിവാക്കുന്നതിന് യുപിഐ, കാർഡ് എന്നിവ ഉപയോഗിച്ചു ടിക്കറ്റ് എടുക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments