തൃശൂരിലേത് സംസ്ഥാനത്തെ ഏറ്റവും വലിയ റെയ്ഡ്: ഉദ്യാഗസ്ഥരെത്തിയത് വിനോദയാത്ര ഫ്‌ളക്‌സ് പതിപ്പിച്ച ബസുകളില്‍

തൃശൂരിലെ സ്വര്‍ണാഭരണ നിര്‍മ്മാണ കേന്ദ്രങ്ങളിലും കടകളിലുമാണ് ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗത്തിന്റെ പരിശോധന നടക്കുന്നത്

തൃശൂര്‍: സ്വര്‍ണാഭരണ നിര്‍മ്മാണ കേന്ദ്രങ്ങളിലും കടകളിലും ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗത്തിന്റെ പരിശോധനയ്ക്കായി ഉദ്യോഗസ്ഥരെ എത്തിച്ചത് ഉല്ലാസയാത്ര എന്ന ഫ്‌ളക്‌സ് പതിപ്പിച്ച വാഹനങ്ങളില്‍. അയല്‍ക്കൂട്ടങ്ങളുടേയും സ്വകാര്യ സ്ഥാപനങ്ങളുടേയും വിനോദയാത്ര എന്ന് വിശദമാക്കുന്ന ഫ്‌ലക്‌സ് ബോര്‍ഡുകള്‍ പതിപ്പിച്ച ടൂറിസ്റ്റ് ബസുകളിലായാണ് ഉദ്യോഗസ്ഥര്‍ എത്തിയത്.

Read Also: എഐ ചാറ്റ്ബോട്ടുമായി പ്രണയത്തിലായതിന് പിന്നാലെ ആത്മഹത്യ ചെയ്ത മകന് നീതി തേടി ഒരു അമ്മ

തൃശൂരിലെ സ്വര്‍ണാഭരണ നിര്‍മ്മാണ കേന്ദ്രങ്ങളിലും കടകളിലുമാണ് ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗത്തിന്റെ പരിശോധന നടക്കുന്നത്. റെയ്ഡില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 700 ഓളം ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. റെയ്ഡ് ഇപ്പോഴും തുടരുകയാണ്. കണക്കില്‍ പെടാത്ത സ്വര്‍ണാഭരണങ്ങളും രേഖകളും കണ്ടെടുത്തതായി ജിഎസ്ടി വകുപ്പ് വിശദമാക്കുന്നത്. ജിഎസ്ടി സ്‌പെഷ്യല്‍ കമ്മീഷണര്‍ അബ്രഹാമിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്.

നിലവില്‍ 74ഓളം സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്. ഇതുവരെ നടത്തിയ പരിശോധനയില്‍ കണക്കില്‍ പെടാത്ത സ്വര്‍ണം പിടികൂടിയതായി ജിഎസ്ടി ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ വിശദമാക്കിയിരുന്നു. മൊത്ത വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ പരിശോധന നടക്കുന്നതെന്നും നാളെ രാവിലെ വരെ പരിശോധന തുടര്‍ന്നേക്കുമെന്നും അധികൃതര്‍ അറിയിച്ചു. ജിഎസ്ടി വിഭാഗം സംസ്ഥാനത്ത് നടത്തുന്ന ഏറ്റവും വലിയ റെയ്ഡാണിത്. 5 കൊല്ലത്തെ നികുതി വെട്ടിപ്പാണ് നിലവില്‍ കണ്ടെത്തിയിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന വിവരം. ഓപ്പറേഷന്‍ ടോറേ ഡെല്‍ ഓറോ എന്ന പേരിലാണ് പരിശോധന നടക്കുന്നത്.

 

Share
Leave a Comment