ഹൈന്ദവ വിശ്വാസപ്രകാരം ഭഗവാന്‍ ശ്രീ പരമേശ്വരന്റെ പിറന്നാളായാണ് ധനുമാസത്തിലെ തിരുവാതിര ആഘോഷിച്ച് പോരുന്നത്. പരമശിവനും പാര്‍വതീ ദേവിയും തമ്മില്‍ വിവാഹം നടന്നത് തിരുവാതിര നാളിലാണെന്നും ഐതീഹ്യമുണ്ട്. നോയമ്പോടു കൂടിയാണ് സ്ത്രീകള്‍ ഈ ആചാരത്തില്‍ പങ്കുകൊള്ളുന്നത്. തിരുവാതിര നാള്‍ തുടങ്ങുന്ന മുതല്‍ തീരുന്നതുവരെയാണ് നോയമ്പ്. അരിഭക്ഷണം പാടില്ല. തിരുവാതിര നാള്‍ തീരുന്നതുവരെ ഉറങ്ങാന്‍ പാടില്ല.
തിരുവാതിര നാളില്‍ നോയമ്പെടുക്കുന്നതിനും ഉറക്കമൊഴിക്കുന്നതിനും പിന്നിലും ഐതീഹ്യമുണ്ട്. ഇന്ദ്രദേവാദികള്‍ പാലാഴിമഥനം നടത്തിയപ്പോള്‍ നാഗരാജാവ് വാസുകിയുടെ വായില്‍നിന്ന് പുറത്തുവന്ന കാളകൂടവിഷം ഭൂമിയില്‍ വീണ് ഭൂമി നശിക്കാതിരിക്കാന്‍ ദേവന്മാര്‍ ശിവനോട് സഹായം അഭ്യര്‍ത്ഥിക്കുകയും ശിവന്‍ ആ വിഷം വിഴുങ്ങുകയും, ശിവനു അത് വിഴുങ്ങിയിട്ട് കുഴപ്പം ഇല്ലാതിരിക്കാന്‍ പാര്‍വ്വതീദേവി ശിവന്റെ കഴുത്തില്‍ അമര്‍ത്തിപ്പിടിച്ച് ഉറക്കമൊഴിഞ്ഞ് പ്രാര്‍ഥിച്ചു എന്നതാണ് ഒരു കഥ.
മറ്റൊരു കഥപരമശിവന്റെ ഭാര്യയായ സതീദേവിയുടെ പിതാവ് ദക്ഷന്‍ നടത്തിയ യാഗത്തില്‍ പരമശിവനെ വിളിക്കാതിരുന്നിട്ടും സതീദേവിയുടെ നിര്‍ബന്ധത്തിനു വഴങ്ങി ശിവന്‍ യാഗത്തില്‍ പങ്കെടുക്കാന്‍ ചെല്ലുകയും ദക്ഷന്‍ അവിടെ വെച്ച് ശിവനെ അപമാനിക്കുകയും ചെയ്തു. അതില്‍ വിഷമിച്ച് സതീദേവി ദേഹത്യാഗം ചെയ്യുകയും അതിനുശേഷം ശിവന്‍ ഹിമാലയത്തില്‍ പോയി തപസ്സാരംഭിക്കുകയും ചെയ്തു. സതീദേവി ഹിമവാന്റെ പുത്രി പാര്‍വതി ആയിട്ട് പുനര്‍ജ്ജനിക്കുകയും ശിവനെ മാത്രമേ വിവാഹം കഴിക്കൂ എന്ന് നിശ്ചയിച്ച്, തപസ്സു ചെയ്യുന്ന ശിവനെ പ്രാര്‍ഥിക്കുകയും പരിചരിക്കുകയും ചെയ്തു.
ആ സമയത്ത് താരകാസുരന്‍ എന്ന അസുരന്റെ ശല്യം കാരണം വിഷമിച്ച ദേവാദികള്‍ ബ്രഹ്മാവിനോട് ഉപദേശം തേടുകയും ശിവനും പാര്‍വതിക്കും ജനിക്കുന്ന പുത്രന്‍ അസുരനെ വധിക്കും എന്ന് വരം കൊടുക്കുകയും ചെയ്തു. കാമദേവന്‍ ശിവന്റെ തപസ്സ് മുടക്കാനായി ചെല്ലുകയും ദേഷ്യം വന്ന ശിവന്‍ തൃക്കണ്ണ് തുറന്ന് കാമദേവനെ ചുട്ടെരിക്കുകയും , കാമദേവന്റെ ഭാര്യയായ രതീദേവി ആഹാരവും ജലപാനവും ഉപേക്ഷിച്ച് പ്രാര്‍ഥിക്കുകയും ഉണ്ടായി. ഇതിന്റെ ഓര്‍മ്മയ്ക്കായിട്ടാണ് നോയമ്പെടുക്കുന്നതെന്നും പറയപ്പെടുന്നു.
തിരുവാതിര ആഘോഷത്തില്‍ ഉറക്കമൊഴിക്കല്‍ വന്നത് അങ്ങനെയാണെന്ന് പറയപ്പെടുന്നു. മംഗല്യവതികളായ സ്ത്രീകള്‍ നെടുമാംഗല്യത്തിനു വേണ്ടിയും കന്യകമാര്‍ വിവാഹം വേഗം നടക്കാന്‍ വേണ്ടിയും തിരുവാതിര വ്രതം എടുക്കുന്നു. സൂര്യോദയത്തിനുമുന്‍പ് കുളത്തില്‍ പോയി തിരുവാതിരപ്പാട്ട് പാടി തുടിച്ച് കുളിക്കല്‍, നോയമ്പ് നോല്‍ക്കല്‍ , തിരുവാതിരക്കളി, ഉറക്കമൊഴിപ്പ്, എട്ടങ്ങാടി വെച്ച് കഴിയ്ക്കല്‍ , പാതിരാപ്പൂ ചൂടല്‍ എന്നിവയൊക്കെയാണ് തിരുവാതിര ആഘോഷത്തിന്റെ പ്രധാന ചടങ്ങുകളായി പറയപ്പെടുന്നത്.
Post Your Comments