വാഷിംഗ്ടണ്‍: ഇസ്രായേല്‍ ഇറാനെതിരെ നടത്തുന്ന ആക്രമണങ്ങള്‍ ഒരിക്കലും അവരുടെ ആണവ കേന്ദ്രങ്ങളെയോ എണ്ണ ശുദ്ധീകരണ ശാലകളെയോ ലക്ഷ്യമിട്ടുള്ളതാകില്ലെന്ന് യുഎസ് മാദ്ധ്യമങ്ങള്‍. ഇത് സംബന്ധിച്ച് ഇസ്രായേല്‍ വൈറ്റ് ഹൗസിന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇസ്രായേല്‍ ഹിസ്ബുള്ള ഭീകരര്‍ക്കെതിരായി നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഇറാന്‍ ഇസ്രായേലിലേക്ക് ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചത്.
ഇറാന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇസ്രായേലും സഖ്യകക്ഷിയായ അമേരിക്കയും അറിയിച്ചിരുന്നു. എന്നാല്‍ ഇസ്രായേല്‍ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിടുകയാണെന്ന തരത്തില്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. അത്തരമൊരു നീക്കം ഇസ്രായേലിന്റെ ഭാഗത്ത് നിന്നുണ്ടായാല്‍ അത് സാഹചര്യങ്ങളെ കൂടുതല്‍ ദുഷ്‌കരമാക്കുമെന്ന് അഭിപ്രായം ഉയര്‍ന്നിരുന്നു. ഇറാന്റെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിടരുതെന്ന് അമേരിക്കയും ഇസ്രായേലിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.
യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മില്‍ നടത്തിയ സംഭാഷണത്തിലും യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും ഇസ്രായേലി കൗണ്‍സിലറും തമ്മില്‍ നടത്തിയ സംഭാഷണങ്ങളിലും ഈ വിഷയം ചര്‍ച്ചയായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രായേല്‍ നടത്തുന്ന പ്രത്യാക്രമണങ്ങള്‍ ഒരിക്കലും ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിടില്ലെന്നും, അവരുടെ സൈനിക കേന്ദ്രങ്ങളെ മാത്രം ലക്ഷ്യമിട്ടുള്ളതായിരിക്കുമെന്നും നെതന്യാഹു ഉറപ്പ് നല്‍കിയതായാണ് വിവരം.
യുദ്ധം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിച്ചാല്‍ അത് എണ്ണവില ഉയരുന്നത് ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ക്ക് കാരണമാകും. അതിനാല്‍ ഇറാന്റെ ആണവ, എണ്ണ ശുദ്ധീകരണ ശാലകള്‍ ഒരിക്കലും ഇസ്രായേലിന്റെ ലക്ഷ്യത്തിലുള്ളതാകരുതെന്നാണ് ബൈഡന്‍ ആവശ്യപ്പെട്ടത്. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ഇറാന്‍ ഇസ്രായേലിന് നേരെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. അതിന് ശേഷം ഇറാന്‍ നേരിട്ട് ഇസ്രായേലിനെതിരെ നടത്തുന്ന രണ്ടാമത്തെ ആക്രമണമായിരുന്നു ഇത്.
Leave a Comment