തിരുവനന്തപുരം: സ്‌പോട്ട് ബുക്കിങ് ഒഴിവാക്കി വിർച്വൽ ക്യൂ മാത്രമാക്കാനുള്ള നീക്കം നടപ്പാക്കിയാൽ ശബരിമല വീണ്ടും സംഘര്‍ഷഭൂമി ആയേക്കുമെന്ന് ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്. സ്ത്രീപ്രവേശന വിധിയുമായി ബന്ധപ്പെട്ട് ഉടലെടുത്തതുപോലുള്ള പ്രതിസന്ധിയായിരിക്കും ഈ കാര്യത്തിലും ഉണ്ടാകാൻ പോകുന്നതെന്ന് കാണിച്ചാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നൽകിയത്.
ശബരിമലയില്‍ സ്ത്രീ പ്രവേശന വിധിയെ തുടര്‍ന്ന് ഉടലെടുത്ത പ്രതിഷേധം സംഘപരിവാര്‍ സംഘടനകള്‍ ഏറ്റെടുത്തതോടെ പലതവണ സന്നിധാനമുള്‍പ്പെടെ പ്രദേശങ്ങൾ പ്രതിഷേധത്തിന്റെ വേദിയായിരുന്നു.
സ്‌പോട്ട് ബുക്കിങ് ഒഴിവാക്കി വെര്‍ച്വല്‍ ക്യൂ മാത്രമാക്കിയാല്‍ സംഘപരിവാര്‍ സംഘടനകള്‍ സമാനമായ സമരമൊരുങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ ബുക്കിങ് മാത്രം മതിയെന്ന തീരുമാനം ഭക്തരെ ശബരിമലയില്‍ നിന്ന് അകറ്റാനാണ് എന്ന പ്രചാരണം ബിജെപി ഉള്‍പ്പെടെയുള്ളവർ ഉയര്‍ത്തിക്കഴിഞ്ഞിട്ടുണ്ട്. മണ്ഡലകാലം അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ ശ്രമമായി ഇതിനെ വ്യാഖ്യാനിക്കപ്പെട്ടാല്‍ പ്രതിപക്ഷവും രാഷ്ട്രീയമായി ഇടപെടും.
പ്രതിസന്ധി ഒഴിവാക്കാന്‍ പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ സ്‌പോട്ട് ബുക്കിങ് പോലെ സൗകര്യം ഒരുക്കിയില്ലെങ്കില്‍ പ്രതിഷേധത്തിന് കളമൊരുങ്ങുമെന്നാണ് റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഇത് കിട്ടിയതിന് പിന്നാലെയാണ് സിപിഎമ്മും വിഷയത്തില്‍ കടുംപിടിത്തത്തിനില്ലെന്ന് വ്യക്തമാക്കിയത്. സ്‌പോട് ബുക്കിങ് തീരുമാനം ഇരുമ്പുലക്കയൊന്നുമല്ലല്ലോ എന്നായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് വിഷയത്തില്‍ എടുത്ത നിലപാട്.
അതായത് സ്‌പോട്ട് ബുക്കിങ്ങോ അല്ലെങ്കില്‍ പകരം സംവിധാനമോ വേണമെന്ന കാര്യത്തില്‍ ബോര്‍ഡിനും അഭിപ്രായമുണ്ടെന്ന് സാരം. പകരം സംവിധാനമൊരുക്കണമെന്ന ബോര്‍ഡിന്റെ ആവശ്യത്തോട് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ മുഖം തിരിച്ചേക്കില്ല.
ശബരിമല ദർശനത്തിന് സ്പോട്ട് ബുക്കിങ് ഒഴിവാക്കിയത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പുനഃപരിശോധിച്ചേക്കും. വ്രതം നോറ്റെത്തുന്ന ഒരുഭക്തനും അയ്യപ്പദർശനം കിട്ടാതെ മടങ്ങേണ്ടിവരില്ലെന്ന് ഉറപ്പാക്കുമെന്നും സർക്കാരുമായി ആലോചിച്ച് ക്രമീകരണം ഒരുക്കുമെന്നും ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.
തിരക്കേറുമ്പോൾ ദർശനത്തിന് കൂടുതൽ സമയംനൽകി സാധാരണ ക്രമീകരണം നടത്താറുണ്ട്. ഇത് ഇത്തവണ മണ്ഡല-മകരവിളക്കുകാലത്ത് എല്ലാദിവസവും ബാധകമാക്കും. പുലർച്ചെ മൂന്നുമുതൽ ഉച്ചയ്ക്ക് ഒന്നുവരെയും ഉച്ചയ്ക്ക് മൂന്നുമുതൽ രാത്രി 11 വരെയും ദർശനം നടത്താം. വെള്ളിയാഴ്ചത്തെ ബോർഡ് അവലോകനയോഗത്തിലും വെർച്വൽ ക്യൂ മാത്രം മതിയെന്നാണ് തീരുമാനം. എന്നാൽ, ബുക്ക് ചെയ്യാതെ എത്തുന്നവർക്കുള്ള ബദൽസംവിധാനത്തിന്റെ ആവശ്യകത സർക്കാരിനെ അറിയിക്കും. പമ്പയിലെങ്കിലും സ്പോട്ട് ബുക്കിങ് വേണമെന്ന നിലപാടാണ് ദേവസ്വം ബോർഡിന്റേത്.
ഒരുദിവസം 80,000 ഭക്തർ എന്ന പരിധിയിൽ മാറ്റമുണ്ടാകില്ല. വെർച്വൽ ക്യൂവിൽ ബുക്കുചെയ്യുന്നവർക്ക് ദർശനത്തിനെത്താൻ 24 മണിക്കൂർ മുൻപും പിൻപും സാവകാശവും നൽകും. നേരിട്ട് ബുക്കുചെയ്യാനാവാത്തവർക്ക് അക്ഷയ സെന്ററുകളിലും ജനസേവനകേന്ദ്രങ്ങളിലും സൗകര്യമൊരുക്കും. ശബരിമല ഇടത്താവളങ്ങളിലും ജനസേവനകേന്ദ്രങ്ങളുണ്ടാകും.
അമിത സ്പോട്ട് ബുക്കിങ് കാരണമാണ് മുൻപ് തീർഥാടകരെ വഴിയിൽ തടയേണ്ടിവന്നത്. തീർഥാടകരുടെ വിവരങ്ങൾ മുൻകൂർ ശേഖരിച്ചാലേ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാനും തിരക്കുനിയന്ത്രിക്കാനും കഴിയൂ. അന്നദാനം, പ്രസാദം, കുടിവെള്ളം, ലഘുഭക്ഷണം എന്നിവ ക്രമീകരിക്കാനും ഇത് സൗകര്യമാകും. തിരക്കുകുറഞ്ഞ ദിവസം ദർശനത്തിന് തിരഞ്ഞെടുക്കാനുമാകും. ക്രമീകരണങ്ങളെപ്പറ്റി വിവിധസംസ്ഥാനങ്ങളിൽ പ്രചാരണം നടത്തും.
ശബരിമല ദർശനത്തിന് സ്പോട്ട് ബുക്കിങ് പുനരാരംഭിക്കാത്തതിൽ പ്രതിഷേധവുമായി കോൺഗ്രസും ബി.ജെ.പി.യും. സ്‌പോട്ട് ബുക്കിങ്ങിനെപ്പറ്റി വെള്ളിയാഴ്ചയും ബോർഡ് പഴയ നിലപാട് ആവർത്തിക്കുകയാണെന്നാണ് കുറ്റപ്പെടുത്തൽ.
സ്‌പോട്ട് ബുക്കിങ് അനുവദിക്കില്ലെന്ന ദേവസ്വം ബോർഡ് നിലപാട് വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി. ശബരിമലയെ തകർക്കാനാണ് സർക്കാർ ലക്ഷ്യമെന്ന് അദ്ദേഹം ആരോപിച്ചു. തീർഥാടനത്തിന് ഏർപ്പെടുത്തിയ അമിത നിയന്ത്രണം അംഗീകരിക്കാനാകില്ലെന്നും നിയന്ത്രണമല്ല, ഭക്തർക്കു ദർശനത്തിനുള്ള സാഹചര്യമാണ് ഒരുക്കേണ്ടതെന്നും മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു.
മുഴുവൻ ഭക്തർക്കും ദർശനം ഉറപ്പാക്കേണ്ട ചുമതലയിൽനിന്നാണ് സർക്കാരും ദേവസ്വവും ഒഴിഞ്ഞുമാറുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ കുറ്റപ്പെടുത്തി. സർക്കാരും ദേവസ്വം ബോർഡും വാശി ഉപേക്ഷിക്കണമെന്ന് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.
Leave a Comment