KeralaLatest News

മാവേലി എക്സ്പ്രസിൽ നഴ്സിം​ഗ് വിദ്യാർത്ഥിനി പീഡനത്തിനിരയായി: കണ്ണൂർ സ്വദേശിയെ ആശുപത്രിയിൽ നിന്നും അറസ്റ്റ് ചെയ്തു

കണ്ണൂർ: തിരുവനന്തപുരം-മംഗളൂരു മാവേലി എക്സ്പ്രസിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. കണ്ണൂർ മൊകേരി മുതിയങ്ങ കുടുവൻപറമ്പത്ത് ധർമരാജൻ (53) ആണ് പിടിയിലായത്. വെള്ളിയാഴ്ച പുലർച്ചെയാണ് മാവേലി എക്സ്പ്രസിന്റെ (16604) ജനറൽ കോച്ചിൽവച്ച് ഇയാൾ കോട്ടയം സ്വദേശിനിയായ നഴ്സിം​ഗ് വിദ്യാർത്ഥിനിക്ക് നേരേ അതിക്രമം നടത്തിയത്. തിരുവനന്തപുരത്തുനിന്ന് വ്യാഴാഴ്ച പുറപ്പെട്ട മാവേലി എക്സ്പ്രസിലാണ് സംഭവമുണ്ടായത്. തുടർന്ന് യുവതിയുമായി തർക്കമുണ്ടാകുകയും ഇയാൾ ട്രെയിനിൽ നിന്നും പുറത്തേക്ക് ചാടുകയുമായിരുന്നു. കാലൊടിഞ്ഞ് ചികിത്സ തേടിയ ഇയാളെ ആശുപത്രിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

തലശ്ശേരിക്കും കണ്ണൂരിനും ഇടയിൽ വെച്ചാണ് ധർമ്മരാജൻ പെൺകുട്ടിയെ ഉപദ്രവിച്ചത്. ചോദ്യംചെയ്ത പെൺകുട്ടിയെ അയാൾ അസഭ്യം പറഞ്ഞു. തർക്കം മുറുകിയപ്പോൾ എടക്കാടിന് സമീപം ധർമരാജൻ ചങ്ങല വലിച്ച് ചാടി രക്ഷപ്പെടുകയായിരുന്നു. യുവതി ചോദ്യംചെയ്തപ്പോഴുണ്ടായ തർക്കത്തിനിടെ ധർമരാജൻ അപായച്ചങ്ങല വലിച്ചതിന് പിന്നാലെ ട്രെയിനിൽ നിന്നും ചാടുകയായിരുന്നു. ഇതിനിടെ ഇരുകാലുകൾക്കും പരിക്കേറ്റു.

തുടർന്ന്‌ അവിടെനിന്ന്‌ കാറിൽ കതിരൂരിലെത്തിയ ഇയാൾ പിന്നീട്‌ വടകരയിലൊരു ആശുപത്രിയിൽ ചികിത്സതേടി. അവിടെ നിന്നും കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെത്തി. ഇവിടെവച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്. തർക്കത്തിനിടെ യുവതിയെടുത്ത ഫോട്ടോയാണ് പ്രതിയെ പിടിക്കാൻ സഹായിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

പെൺകുട്ടിയുടെ പരാതിയിൽ കണ്ണൂർ ആർ.പി.എഫ്. ഇൻസ്പെക്ടർ ജെ.വർഗീസ്, റെയിൽവേ പോലീസ് എസ്.ഐ. പി.വിജേഷ് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ്‌ പ്രതി പിടിയിലായത്‌. റെയിൽവേ പോലീസ് എസ്.ഐ.മാരായ രാജൻ കോട്ടമലയിൽ, ജയേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എസ്.സംഗീത്, രാജേഷ് കാനായി, ഹരിദാസൻ, സിവിൽ പോലീസ് ഓഫീസർ ബിബിൻ മാത്യു, ആർ.പി.എഫ്. ഉദ്യോഗസ്ഥരായ അജീഷ്, ഷൈജു എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button