മന്ത്രിയാകാത്തതില്‍ കടുത്ത അതൃപ്തിയുമായി തോമസ് കെ തോമസ് എംഎല്‍എ

തിരുവനന്തപുരം: മന്ത്രി സ്ഥാനം വൈകുന്നതില്‍ കടുത്ത അതൃപ്തിയുമായി എന്‍സിപി നേതാവും കുട്ടനാട് എംഎല്‍എയുമായ തോമസ് കെ തോമസ്. മന്ത്രിസ്ഥാനത്തിനുള്ള തന്റെ അയോഗ്യത എന്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് തോമസ് കെ തോമസ് തുറന്നടിച്ചു. ഉടന്‍ തീരുമാനം എടുത്തില്ലെങ്കില്‍ കടുത്ത നടപടിയിലേക്ക് പോകേണ്ടി വരുമെന്നും തോമസ് കെ തോമസ് പറഞ്ഞു.

Read Also: ഗായിക അമൃത സുരേഷ് ആശുപത്രിയിൽ, ഇനിയെങ്കിലും വെറുതെ വിടൂ എന്ന് അഭിരാമി

ശരത് പവാറിന്റ കത്ത് നല്‍കിയിട്ടും മുഖ്യമന്ത്രി പരിഗണിക്കാത്തതിലുള്ള രോഷമാണ് തോമസ് കെ തോമസ് പ്രകടിപ്പിച്ചത്. മൂന്നു ദിവസത്തിനുള്ളില്‍ നിലപാട് വ്യക്തമാക്കണമെന്ന് തോമസ് കെ തോമസ് പിസി ചാക്കോയെ അറിയിച്ചു. ഒരാളെ അപമാനിക്കുന്നതിനു പരിധി ഉണ്ടെന്നും തന്നെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും തോമസ് കെ തോമസ് പറഞ്ഞു.

തന്റെ മന്ത്രിസ്ഥാനത്തില്‍ അനിശ്ചിതത്വം എന്താണെന്നു അറിയില്ലെന്നും തന്റെ പേരില്‍ സാമ്പത്തിക ക്രമക്കേട് എന്താണ് ഉള്ളത് എന്ന് അറിയില്ലെന്നും തോമസ് കെ തോമസ് പറഞ്ഞു.

‘ഒരു പത്രം അത്തരത്തില്‍ വാര്‍ത്ത നല്‍കി. എന്ത് കൊണ്ടാണ് മന്ത്രി സ്ഥാനം തട്ടികളിക്കുന്നത് എന്ന് അറിയില്ല. തനിക്ക് എന്തെങ്കിലും അയോഗ്യത ഉണ്ടോ എന്ന് ജനം ആണ് പറയേണ്ടത്. മന്ത്രി സ്ഥാനം വൈകാന്‍ പാടില്ല. എന്താണ് തോമസ് കെ തോമസിന്റെ അയോഗ്യത എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഇനിയും നീട്ടികൊണ്ട് പോകാന്‍ ആകില്ല. സാമ്പത്തിക ക്രമക്കേട് തന്റെ പേരില്‍ ഉണ്ട് എന്ന് മറ്റാരോ പ്രചരിപ്പിക്കുകയാണ്. അതിന് പിന്നില്‍ ചിലര്‍ ഉണ്ട്. കുട്ടനാട് നോട്ടമിട്ട് നില്‍ക്കുന്ന പലരും ഉണ്ട്. പാര്‍ട്ടിക്ക് പുറത്തും ഉണ്ട്. അത്തരം ആളുകള്‍ ഈ പ്രചരണതിന് പിന്നില്‍ ഉണ്ടാകാമെന്നും ഒരാഴ്ചയ്ക്ക് ഉള്ളില്‍ തീരുമാനം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുകയാണ്’, തോമസ് കെ തോമസ് പറഞ്ഞു.

എ കെ ശശീന്ദ്രന് പകരം തോമസ് കെ തോമസിനെ മന്ത്രിയാക്കാനുള്ള എന്‍സിപി നീക്കം ഇന്നലെ മുഖ്യമന്ത്രി അംഗീകരിച്ചിരുന്നില്ല. തോമസ് കെ തോമസിന്റെ കാര്യത്തില്‍ ചില സംശയങ്ങള്‍ പ്രകടിപ്പിച്ച മുഖ്യമന്ത്രി കാത്തിരിക്കണമെന്ന് എന്‍സിപി നേതാക്കളോട് കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടിരുന്നു. കാത്തിരിക്കാനാണ് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതോടെ എകെ ശശീന്ദ്രന്‍ മന്ത്രിയായി തുടരുമെന്ന സ്ഥിതി വന്നതോടെയാണ് തോമസ് കെ തോമസ് കടുത്ത അതൃപ്തിയുമായി രംഗത്തെത്തിയത്.

 

Share
Leave a Comment