തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ചരക്കുനീക്കത്തിനായുള്ള റെയിൽപ്പാതയുടെ നിർമ്മാണം അടുത്ത വർഷം തുടങ്ങും. വിഴിഞ്ഞത്ത് നിന്നും രണ്ട് റയിൽവെ സ്റ്റേഷനുകളിലേക്കാണ് റയിൽപാത നിർമ്മിക്കുന്നത്. നേമം, ബാലരാമപുരം റയിൽവെ സ്റ്റേഷനുകളിലേക്ക് വിഴിഞ്ഞത്ത് നിന്നും ചരക്കുകൾ എത്തിക്കുന്നതിനായാണ് പാത നിർമ്മിക്കുന്നത്. 10.76 കി.മീറ്റർ പാതയിൽ 9.5 കിലോമീറ്ററും ഭൂമിക്കടിയിലൂടെയാകും.
തുറമുഖത്ത് നിന്നും ബാലരാമപുരം മുടവൂർപ്പാറ വരെ ഒറ്റവരിയായാണ് പാത നിർമ്മിക്കുന്നത്.ബാലരാമപുരത്തു നിന്ന് ഇത് രണ്ടായി തിരിയും. ഒന്ന് നേമം സ്റ്റേഷനിലേക്കും മറ്റൊന്ന് ബാലരാമപുരം സ്റ്റേഷനിലേക്കും. മുക്കോല ഭാഗത്ത് നിന്നാകും ഭൂമി തുരന്നുള്ള നിർമ്മാണാരംഭം. ഇവിടെനിന്ന് ബാലരാമപുരം ഭാഗത്തേക്കും വിഴിഞ്ഞം ഭാഗത്തേക്കും രണ്ടായി തിരിയും. ഇതേ സമയത്തുതന്നെ ബാലരാമപുരത്തു നിന്നും തുരന്നുതുടങ്ങും.
പാത കടന്നുപോകുന്ന സ്ഥലങ്ങളിൽ 65 ശതമാനവും മണ്ണായതിനാൽ തുരക്കുന്ന ഭാഗം കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തിയ ശേഷമാകും മുന്നോട്ടുള്ള നിർമ്മാണം. 25 മുതൽ 35 മീറ്റർ വരെ താഴ്ചയിലൂടെ പാത കടന്നുപോകും. വിഴിഞ്ഞം വില്ലേജിലെ വിവിധ സർവേ നമ്പരുകളിൽ ഉൾപ്പെടുന്ന ഏകദേശം 82.90 ആർ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്നാണ് കണക്ക്.
പദ്ധതി പ്രദേശത്തെ 33 ഓളം മരങ്ങൾ മുറിച്ചുമാറ്റേണ്ടതായിവരുമെന്നും മത- സാംസ്‌കാരിക കേന്ദ്രങ്ങളെ ബാധിക്കില്ലെന്നുമാണ് സാമൂഹ്യാഘാത പഠന റിപ്പോർട്ടിലുള്ളത്. ഭൂമിയേറ്റെടുക്കൽ നടപടികൾ റവന്യൂ വകുപ്പ് പൂർത്തിയാക്കുന്ന മുറയ്ക്ക് ഭൂമി തുറമുഖ കമ്പനി ചീഫ് എക്‌സിക്യുട്ടിവ് ഓഫീസർക്ക് കൈമാറും. തുടർന്ന് കൊങ്കൺ റെയിൽവേ കോർപറേഷൻ നിർമാണപ്രവൃത്തികൾ ആരംഭിക്കും.1200 കോടി രൂപയാണ് പദ്ധതിച്ചിലവ്. 42മാസം കൊണ്ട് പൂർത്തിയാക്കാനാണ് പദ്ധതി. അതേസമയം, പദ്ധതി നടപ്പാക്കാനായി 17 വീടുകളിൽ താമസിക്കുന്ന 38 കുടുംബങ്ങളെ മാറ്റിപാർപ്പിക്കേണ്ടി വരും. 11 വീടുകൾ പൂർണമായും പൊളിച്ചുമാറ്റണം.
Post Your Comments