അമ്മയുടെ ചിതയെരിയുന്നത് ഒരിറ്റു കണ്ണീർ പൊഴിക്കാതെ ശ്രുതി കണ്ടത് ആംബുലൻസിൽ ഇരുന്ന്, താങ്ങായി ജെയ്‌സന്റെ അച്ഛൻ

കൽപറ്റ: ചൂരൽമലയിലെ ഉരുൾപൊട്ടലിൽ മരിച്ച സബിതയുടെ മൃതദേഹം മകൾ ശ്രുതിയുടെ ആവശ്യമനുസരിച്ച് പുറത്തെടുത്ത് മതാചാര പ്രകാരം വീണ്ടും സംസ്‌കരിച്ചിരുന്നു. വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ശ്രുതി ആംബുലൻസിൽ ഇരുന്ന് നിസ്സംഗതയോടെ ചടങ്ങുകൾക്ക് സാക്ഷിയായി. ചൂരൽമല ഉരുൾപൊട്ടലിൽ അച്ഛനെയും അമ്മയെയും സഹോദരിയെയും നഷ്ടപ്പെട്ട ശ്രുതിക്ക് വാഹനാപകടത്തിൽ പ്രതിശ്രുത വരൻ ജെൻസനെയും നഷ്ടമായിരുന്നു.

ഇന്നലെയാണ് തിരിച്ചറിയാത്ത മൃതദേഹങ്ങൾ അടക്കം ചെയ്ത പുത്തുമലയിലെ പൊതുശ്മശാനത്തിൽനിന്നു ശ്രുതിയുടെ അമ്മയുടെ മൃതദേഹം എടുത്ത് മേപ്പാടി മാരിയമ്മൻ ക്ഷേത്രത്തിലെ പൊതുശ്മശാനത്തിൽ ആചാരപ്രകാരം ദഹിപ്പിച്ചത്. മൃതദേഹം കുഴിയില്‍ നിന്ന് എടുക്കുമ്പോഴും ശ്മശാനത്തില്‍ സംസ്‌കരിക്കുമ്പോഴും ജെന്‍സന്റെ പിതാവ് ജയനും ശ്രുതിക്കൊപ്പം ഉണ്ടായിരുന്നു.

കൽപറ്റയിലെ ആശുപത്രിയിൽനിന്ന് സ്ട്രെച്ചറിൽ കിടത്തിയാണ് ശ്രുതിയെ ആംബുലൻസിലേക്കു കയറ്റിയത്. തുടർന്ന് മേപ്പാടി മാരിയമ്മൻ ക്ഷേത്ര പരിസരത്തേക്കു കൊണ്ടുവരികയായിരുന്നു. കാലുകൾ ഒടിഞ്ഞ് ശസ്ത്രക്രിയ ചെയ്തതിനാൽ ശ്രുതിയ്ക്ക് നടക്കാൻ സാധിക്കുമായിരുന്നില്ല. അതിനാൽ ആംബുലൻസിൽനിന്നു പുറത്തിറങ്ങാനായില്ല. ചിതയെരിയുമ്പോൾ ഒന്നു വിതുമ്പാൻപോലും ശ്രുതിക്ക് ആകുമായിരുന്നില്ല.

ചൂരൽമല ഉരുൾപൊട്ടലിൽ അച്ഛൻ ശിവണ്ണൻ, അമ്മ സബിത, സഹോദരി ശ്രേയ എന്നിവരുൾപ്പെടെ ഒൻപതു ബന്ധുക്കളെയാണ് ശ്രുതിക്കു നഷ്ടമായത്. സഹോദരിയെയും അച്ഛനെയും തിരിച്ചറിഞ്ഞു നേരത്തേ സംസ്കരിച്ചിരുന്നു. ഡിഎൻഎ പരിശോധനയിലൂടെയാണ് അമ്മയെ തിരിച്ചറിഞ്ഞത്. അതിനുശേഷം ഓഗസ്റ്റ് 30ന് ജെൻസനും ശ്രുതിയും ഒരുമിച്ച് അമ്മയെ സംസ്കരിച്ച പൊതുശ്മശാനത്തിൽ എത്തിയിരുന്നു. കുടുംബത്തിൽ എല്ലാവരും നഷ്ടമായപ്പോൾ ശ്രുതിയുടെ ഏക ആശ്രയം ജെൻസനായിരുന്നു.

ഈ മാസം പത്തിന് കൽപറ്റയിലെ വാടക വീട്ടിൽനിന്നു ലക്കിടിയിലേക്കു പോകവെയാണ് ജെൻസനും ശ്രുതിയും ബന്ധുക്കളും സഞ്ചരിച്ച വാൻ ബസിൽ ഇടിച്ചത്. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ജെൻസൻ പിറ്റേന്നു മരണത്തിനു കീഴടങ്ങി. ശ്രുതി ചികിത്സയിലിരുന്ന ആശുപത്രിയിലേക്ക് എത്തിച്ചാണ് ജെൻസന്റെ മൃതദേഹം കാണിച്ചത്. അപകടത്തിൽ പരുക്കേറ്റ ശ്രുതി ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്. അതിനിടെയാണ് അമ്മയെ ഹൈന്ദവ ആചാരപ്രകാരം അടക്കണമെന്ന ആവശ്യം ശ്രുതി അറിയിച്ചത്.

രണ്ടു മാസം മുൻപ് പുതിയ വീടിന്റെ പാലു കാച്ചലും ശ്രുതിയുടെ വിവാഹ നിശ്ചയവും ഒരുമിച്ചാണ് നടത്തിയത്. ശ്രുതിയുടെ വിവാഹത്തിനായി കരുതിവച്ചിരുന്ന 4 ലക്ഷം രൂപയും 15 പവൻ സ്വർണവും ഉരുൾപൊട്ടലിൽ ഒലിച്ചുപോയി.

Share
Leave a Comment