കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കുടുംബത്തെയും അപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടമായ ശ്രുതി ആശുപത്രി വിട്ടു. ആശുപത്രിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ നന്നായ പരിചരിച്ചുവെന്ന് ശ്രുതി പറഞ്ഞു. അച്ഛന്റെ സഹോദരന്റെ മുണ്ടേരിയിലെ വീട്ടിലേക്കാണ് പോവുന്നതെന്നും ഇനി വിശ്രമത്തില്‍ തുടരുമെന്നും ശ്രുതി പറഞ്ഞു. ഇരു കാലിലും ഒടിവും ചതവുമേറ്റ ശ്രുതിക്ക് ഇടതുകാലിലാണ് ശസ്ത്രക്രിയ നടത്തിയത്.
Read Also: സുപ്രീംകോടതിയുടെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു; വീഡിയോകള്‍ അപ്രത്യക്ഷമായി
ശ്രുതിയുടെ ഡിസ്ചാര്‍ജുമായി ബന്ധപ്പെട്ട് ടി സിദ്ധിഖ് എംഎല്‍എ സ്ഥലത്തെത്തി. രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശ പ്രകാരം മല്ലു രവി എന്ന വ്യക്തി ശ്രുതിയുടെ ചികിത്സാ ചെലവ് വഹിച്ചെന്നും, ശ്രുതിക്ക് നാളെ തന്നെ വര്‍ക്ക് ഫ്രം ഹോം ചെയ്യാന്‍ ലാപ്‌ടോപ് വീട്ടില്‍ എത്തിച്ച് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ മുഖമായി ശ്രുതിയെ മാറ്റിയെടുക്കുമെന്നും ടി സിദ്ധിഖ് വ്യക്തമാക്കി.
മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സ്വന്തം മാതാപിതാക്കളെയും സഹോദരിയെയും വീടും നഷ്ടമായ ശ്രുതിക്ക് ഉറ്റ ബന്ധുക്കളായ ആറ് പേരെ കൂടി നഷ്ടപ്പെട്ടിരുന്നു. കോഴിക്കോട് ജോലി ചെയ്യുകയായിരുന്നതിനാല്‍ ശ്രുതി ദുരന്തത്തില്‍ ഇരയായില്ല. പിന്നീട് വയനാട്ടിലെത്തിയ ശ്രുതിക്ക് മാനസിക പിന്തുണ നല്‍കി ഒപ്പം നിന്നത് പ്രതിശ്രുത വരന്‍ ജെന്‍സണായിരുന്നു. ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്ന് പതിയെ മുക്തയായി വരുമ്പോഴായിരുന്നു രണ്ടാമത്തെ ദുരന്തം.
കൊടുവള്ളിയിലെ ബന്ധുവീട്ടിലേക്കുള്ള യാത്രക്കിടെ ജെന്‍സണ്‍ ഓടിച്ച മാരുതി ഒമ്‌നി വാന്‍ സ്വകാര്യ ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ദുരന്തത്തില്‍ അതീവ ഗുരുതരമായി പരിക്കേറ്റ ജെന്‍സണ്‍ ആശുപത്രിയില്‍ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന ഒന്‍പത് പേര്‍ക്ക് അപകടത്തില്‍ സാരമായി പരിക്കേറ്റിരുന്നു. ശ്രുതിയും ജെന്‍സണും സ്‌കൂള്‍ കാലം മുതല്‍ സുഹൃത്തുക്കളായിരുന്നു. ആ സൗഹൃദം പിന്നീട് പ്രണയത്തിലേക്കും വിവാഹ നിശ്ചയത്തിലേക്കും എത്തിയിരുന്നു.
അതിനിടയിലാണ് ഉരുള്‍പ്പൊട്ടല്‍ ദുരന്തം ശ്രുതിയുടെ ജീവിതത്തെ അപ്പാടെ ഇരുട്ടിലാക്കിയത്. ഈ വരുന്ന ഡിസംബറില്‍ വിവാഹം നടത്താന്‍ നിശ്ചയിച്ചതായിരുന്നു. ശ്രുതിയുടെ ഉറ്റവരെല്ലാം ദുരന്തത്തില്‍ മരണപ്പെട്ടതിനാല്‍ വിവാഹം നേരത്തെയാക്കാന്‍ തീരുമാനിച്ചിരുന്നു. അതിനിടയിലാണ് മറ്റൊരു ദുരന്തം കൂടിയെത്തി ശ്രുതിയെ തനിച്ചാക്കിയത്. ശ്രുതിക്ക് വേണ്ടി അടച്ചുറപ്പുള്ള വീടാണ് ഇനി തന്റെ സ്വപ്നമെന്ന് പറഞ്ഞ് അവളുടെ കൈപിടിച്ചിരുന്ന, അവളെ ഒറ്റയ്ക്കാക്കാതെ കാത്തിരുന്ന ജെന്‍സന്‍ കൂടി യാത്രയായത് കേരളത്തിനാകെ വലിയ നോവായി മാറിയിരുന്നു.
Post Your Comments