കല്‍പ്പറ്റ: ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്ന ജെന്‍സന്റെ സംസ്‌കാരം ഇന്ന് നടക്കും. കഴിഞ്ഞ ദിവസം നടന്ന അപകടത്തില്‍ അതീവ ഗുരുതരമായി പരിക്കേറ്റ യുവാവ് ഇന്നലെ രാത്രി 8.57 നാണ് മരിച്ചത്. ഇരുവരുടെയും വിവാഹ ഒരുക്കങ്ങളിലേക്ക് കടക്കാനിരിക്കെയാണ് അപകടം ജെന്‍സന്റെ ജീവനെടുത്തത്. ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ അച്ഛനും അമ്മയും സഹോദരിയുമടക്കം 9 ഉറ്റബന്ധുക്കളെ നഷ്ടപ്പെട്ട ശ്രുതിക്ക് അടച്ചുറപ്പുള്ള വീടാണ് ഇനി തന്റെ സ്വപ്നമെന്ന് പറഞ്ഞ് പെണ്‍കുട്ടിക്ക് ഒപ്പം നിന്ന യുവാവിന്റെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാതെയുള്ള മരണം, കേരളത്തിനാകെ നോവായി മാറി.
Read Also: ലഹരി പരിശോധനയ്ക്കിടെ യാത്രക്കാരനിൽ നിന്ന് കണ്ടെത്തിയത് രേഖകളില്ലാത്ത ഒരു കോടി രൂപ
ശ്രുതിയുടെ ബന്ധുക്കള്‍ മരിച്ച് 41 ദിവസത്തിന് ശേഷം വിവാഹം നടത്താനുള്ള ഒരുക്കങ്ങളിലേക്ക് കടക്കാനിരുന്നതായിരുന്നു കുടുംബം. ഇതിനിടെ ബന്ധുക്കള്‍ക്കൊപ്പം കോഴിക്കോട് കൊടുവള്ളിയിലെ ബന്ധുവീട്ടിലേക്ക് പോകുമ്പോഴാണ് മരണം അപകടത്തിന്റെ രൂപത്തിലെത്തിയത്. ഡ്രൈവിങ് സീറ്റിലായിരുന്ന ജെന്‍സന് തലയ്ക്ക് അതീവ ഗുരുതരമായി പരിക്കേറ്റിരുന്നു. ആന്തരിക രക്തസ്രാവം അനിയന്ത്രിതമായ നിലയിലായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ച യുവാവിനെ അടിയന്തിര ശസ്ത്രക്രിയകള്‍ക്ക് വിധേയനാക്കിയ ശേഷം വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയായിരുന്നു. എന്നാല്‍ ശ്രുതിയുടെയും കേരളത്തിന്റെയാകെയും പ്രാര്‍ത്ഥനകള്‍ വിഫലമാക്കി രാത്രി യുവാവ് മരണത്തിന് കീഴടങ്ങി.
വൈകിട്ട് 3 മണിക്ക് ആണ്ടൂര്‍ നിത്യസഹായമാതാ പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം നടക്കുക. ചൊവ്വാഴ്ച കല്‍പ്പറ്റ വെള്ളാരംകുന്നില്‍ ഉണ്ടായ അപകടത്തിലാണ് ജെന്‍സണും ശ്രുതിയുമടക്കം 9 പേര്‍ക്ക് പരിക്കേറ്റത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാന്‍ ബസില്‍ ഇടിക്കുകയായിരുന്നു.
Post Your Comments