കോഴിക്കോട്: അഴിമതിക്കേസിൽ സസ്പെൻഷനിലായ ഉദ്യോഗസ്ഥയ്ക്ക് അതേ ഓഫീസിൽ പ്രമോഷനോടെ നിയമനം. ഇതാണിപ്പോൾ അഴിമതി കാണിക്കുന്നവർക്കുള്ള ശിക്ഷ, അതോ ആരോടെങ്കിലുമുള്ള പ്രതികാരമോ? ഹയർ സെക്കൻഡറി റീജേണൽ ഡപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ ക്ലാർക്കായി ജോലിചെയ്യുമ്പോഴാണ് ഇവർ വിജിലൻസ് നടപടികൾക്ക് വിധേയയായത്. ഇതെതുടർന്ന് സസ്പെൻഷനിലായ ഇവരെ അതേ ഓഫിസിൽ സൂപ്രണ്ട് ആയി നിയമിച്ചു.
എയ്ഡഡ് സ്കൂളുകളിലെ നിയമനങ്ങൾക്ക് അംഗീകാരം നൽകുന്ന ഫയലുകൾ സംബന്ധിച്ച പരാതികളിൽ വിജിലൻസ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി 2021ൽ ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ കാലാവധി കഴിഞ്ഞതിനെ തുടർന്ന് തിരുവനന്തപുരത്തു ഹയർ സെക്കൻഡറി ഡയറക്ടറേറ്റിൽ ജൂനിയർ സൂപ്രണ്ട് ആയി നിയമിച്ചു.
അവിടെ 4 വർഷം പൂർത്തിയാക്കിയതിനാൽ കോഴിക്കോട്ടേക്കോ മലപ്പുറത്തേക്കോ സ്ഥലം മാറ്റം ആവശ്യപ്പെട്ടതിനെ തുടർന്നാണു കോഴിക്കോട് ആർഡിഡി ഓഫിസിലേക്കു മാറ്റിയത്. സസ്പെൻഡ് ചെയ്യപ്പെട്ട അഴിമതിക്കാരിയായ ഒരു ഉദ്യോഗസ്ഥയെ ഉയർന്ന പോസ്റ്റിലേക്ക് നിയമിക്കുമ്പോൾ അവിടെ കൂടുതൽ അഴിമതി കാണിക്കാനുള്ള വാതിൽ തുറന്നു കൊടുക്കുകയാണ് ചെയ്യുന്നത്.
Post Your Comments