ആലപ്പുഴ: നവമാധ്യമ ഇടപെടലുകളില്‍ അടിമുടി പ്രൊഫഷണലാകാന്‍ സി.പി.എം. നിലവില്‍ പാര്‍ട്ടിക്ക് ഔദ്യോഗിക ഡിജിറ്റല്‍ പ്രചാരണസംഘങ്ങളുണ്ടെങ്കിലും അതുപോരെന്നാണ് വിലയിരുത്തല്‍.
അനുഭാവി ഗ്രൂപ്പുകളില്‍ വരുന്ന പോസ്റ്റുകള്‍ അടുത്തകാലത്ത് പാര്‍ട്ടിക്കു തലവേദനയുണ്ടാക്കിയിരുന്നു. പോരാളി ഷാജി, ചെങ്കതിര്‍, ചെങ്കോട്ട തുടങ്ങിയ പേജുകളെ പരസ്യമായി വിമര്‍ശിച്ച് സി.പി.എം. കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി. ജയരാജന്‍ രംഗത്തുവന്നിരുന്നു. പാര്‍ട്ടിക്കെതിരായ പ്രചാരണങ്ങള്‍ പ്രതിരോധിക്കാനും പാര്‍ട്ടിയും സര്‍ക്കാരും മുന്നോട്ടുവെക്കുന്ന പുരോഗമന-വികസന കാഴ്ചപ്പാടുകള്‍ താഴേത്തട്ടില്‍ എത്തിക്കാനും പ്രൊഫഷണല്‍സംഘം വേണമെന്ന കാഴ്ചപ്പാടിലാണ് പുതിയനീക്കം.
ഇതുവഴി വെട്ടുകിളി ഗ്രൂപ്പുകളെ വെട്ടിനിരത്താന്‍ കഴിയും. മാധ്യമപ്രവര്‍ത്തനം ഉപേക്ഷിച്ച് മുഴുവന്‍സമയ പാര്‍ട്ടിപ്രവര്‍ത്തകനായ എം.വി. നികേഷ് കുമാര്‍ പ്രൊഫഷണല്‍ സംഘത്തിനു നേതൃത്വം നല്‍കുമെന്നാണ് കഴിഞ്ഞദിവസം ആലപ്പുഴയില്‍ നടന്ന പാര്‍ട്ടി ക്ലാസില്‍ കേന്ദ്രകമ്മിറ്റിയംഗം വ്യക്തമാക്കിയത്. എന്നാല്‍, ഇതു സ്ഥിരീകരിക്കാന്‍ നികേഷ് കുമാര്‍ തയ്യാറായില്ല. പാര്‍ട്ടിയാണ് പ്രതികരിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
ഇതിന്റെഭാഗമായി എല്ലാതലത്തിലുള്ള പാര്‍ട്ടിനേതാക്കള്‍ക്കും പരിശീലനം നല്‍കും. ജില്ലാകമ്മിറ്റിയംഗങ്ങള്‍ക്ക് പരിശീലനം തുടങ്ങി. ഇനി ഇതു ബ്രാഞ്ചുതലംവരെ നല്‍കും. പാര്‍ട്ടിയില്‍നിന്നു പരിശീലനം കിട്ടുന്നവര്‍ പ്രൊഫഷണല്‍ സംഘങ്ങള്‍ക്കൊപ്പംചേര്‍ന്നു പ്രവര്‍ത്തിക്കും.
വേതനം നല്‍കിയുള്ള പ്രവര്‍ത്തനം
സംസ്ഥാനതലം മുതല്‍ വാര്‍ഡുതലംവരെ വേതനം നല്‍കി മികവുള്ളവരെ (പാര്‍ട്ടിക്കു പുറത്തുള്ളവരാണെങ്കിലും) നിയോഗിക്കാനാണു തീരുമാനം. നിലവില്‍ 50 അംഗ പ്രൊഫഷണല്‍ സംഘമാണ് സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് നൂറായി ഉയര്‍ത്തും.
സംഘത്തില്‍ ഐ.ടി., മാധ്യമമേഖലകളിലുള്ളവര്‍ ഉണ്ടാകും. സംസ്ഥാന കമ്മിറ്റിക്കു കീഴിലാണ് പ്രവര്‍ത്തനം. ഇതേതരത്തില്‍ 14 ജില്ലാകമ്മിറ്റികളിലും സംസ്ഥാനടീമിന്റെ നിരീക്ഷണത്തില്‍ വേറെ സംഘത്തെ നിയോഗിക്കും.
ഏരിയാ തലത്തിലും വാര്‍ഡുതലത്തിലും നിരീക്ഷണത്തിനും പ്രചാരണത്തിനും പ്രത്യേക സമിതിവരും. സംസ്ഥാന ടീമിനു സംസ്ഥാന കമ്മിറ്റിയും ജില്ലാ ടീമിന് ജില്ലാ കമ്മിറ്റിയുമാകും വേതനം നല്‍കുക. താഴെത്തലങ്ങളിലുള്ളവര്‍ക്ക് ഏരിയാ കമ്മിറ്റി വേതനം നല്‍കും.
വാട്‌സാപ്പ് ഗ്രൂപ്പുകള്‍ക്ക് പ്രൊഫഷണല്‍ കോഡിനേറ്റര്‍
ആശയപ്രചാരണത്തിനു വാര്‍ഡുതലത്തില്‍വരെ പ്രൊഫഷണലുകള്‍ കോഡിനേറ്ററായി വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വരും. ഇവരുടെ നിര്‍ദേശപ്രകാരമായിരിക്കും ആശയപ്രചാരണവും പ്രതിരോധവും.
Leave a Comment