KeralaLatest NewsWomenNews Story

ശരീരവടിവ് നിലനിർത്താൻ ഭക്ഷണം ഉപേക്ഷിക്കുന്നപോലെ അല്ല ആഹാരത്തോട് ആക്രാന്തം തോന്നുമ്പോൾ ഉള്ള ഭ്രാന്ത്

ഇന്ന് ബസ്സിൽ ഇരിക്കുമ്പോൾ ആ സ്ത്രീയെ വീണ്ടും കണ്ടു. ആശുപത്രി റോഡിൽ കൂടി നടന്നു നീങ്ങുന്നു. ചുരിദാറിന്റെ പാന്റ് ചുരുട്ടി കെട്ടി വെച്ചിട്ടുണ്ട്. കാല്‍ മുട്ടിന്റെ താഴെ ഒരു മുറിവ്. ചാറ്റൽ മഴ വക വെയ്ക്കാതെ നടന്നു നീങ്ങുകയാണ്. കുറച്ചു ദിവസങ്ങൾ ആയി, മറക്കാൻ ശ്രമിക്കുന്ന ഏഴു വയസ്സ് കാരി, അവരെ കണ്ടപ്പോൾ മനസ്സിൽ കേറി വരുന്നു.

”പതിനാലാമത്തെ വയസ്സിൽ അച്ഛൻ നശിപ്പിച്ചതാണ്. പിന്നെ അങ്ങേര് തന്നെ എന്നെ ഒരുത്തനു വിറ്റു. ഇരട്ടി പ്രായം ഉള്ള ഒരാൾക്ക്. അയാളുടെ അക്രമം താങ്ങാൻ വയ്യാതെ ഞാൻ ഇറങ്ങി ഓടി. പിന്നെ അങ്ങോട്ട് ശരീരം വിറ്റു തന്നെ ജീവിക്കുന്നു..” സൽ‍മ പറഞ്ഞത് പുതിയ കഥ അല്ല..! എവിടെയൊക്കെയോ ആരുടെ ഒക്കെയോ ജീവിതം പോലെ.

“എനിക്കങ്ങനെ ആരോടും പ്രണയം ഒന്നും തോന്നിയിട്ടില്ല..എന്ന് വെച്ച് വെറുപ്പും ഇല്ല..ഇപ്പോൾ വയസ്സ് അമ്പതു കഴിഞ്ഞു. ഇടയ്ക്കു രണ്ടു പെറ്റു..രണ്ടിനെയും മക്കളില്ലാത്ത ആളുകൾക്ക് വിറ്റു കാശു വാങ്ങി.” യാതൊരു വികാരവും ഇല്ലാതെ പറയാനേ അവർക്ക് സാധിക്കു !! കാരണം, പച്ചയുടെ ചെറു ലാഞ്ജന പോലുമില്ലാത്ത മരവിച്ച ജീവിതമാണ് നാളിന്നു വരെ..എന്റെ കൂടെ ജീവിച്ചിരുന്നേൽ ,അതുങ്ങളെ ഞാൻ എന്റെ വഴിക്കു കൊണ്ട് വരാതെന്തു ചെയ്യും..? ലൈംഗിക തൊഴിലാളി ആയ അവർ നിസ്സാരമായി പറഞ്ഞു..

കണ്ടിട്ടുണ്ട്. ഇതേ പോലെ ഒരുപാട് അമ്മമാർ.അന്നന്ന് വിശപ്പിനുള്ള വഴി തേടുന്നവർ.മുണ്ടു മുറുക്കി ഉടുത്ത് കാര്യങ്ങൾ നടത്തുന്നവരാ. അവിടെ നിയമം അവനവൻ തീരുമാനിക്കും…!അമ്മ ജോലി ചെയ്യുന്ന വീട്ടിൽ നിന്നും അപ്പവും കടല കറിയും കൊടുക്കും. ഞാനും ചേച്ചിയും നോക്കി കൊതിവിടും..അമ്മ തിന്നുമ്പോൾ…എന്നെങ്കിലും എനിക്ക് വയറു നിറച്ച് അത് കഴിക്കണം.!പഠിച്ചു ജോലി വാങ്ങുന്നത് അതിനാണ് എന്ന് ഒരു പെൺകുട്ടി പറയുമ്പോൾ എത്ര പേർക്ക് വിശ്വസിക്കാൻ ആകും..?

ഇത് കേരളമാണ്. സാക്ഷര കേരളം ആണ്., പക്ഷെ ,ഇങ്ങനെ ഒരു ലോകം ഉണ്ട്. എല്ലാവര്ക്കും അറിയാം. അവിടെ വിശപ്പാണ് മുഖ്യം..അതിന്റെ മുന്നിൽ സദാചാരം ഞെട്ടിപ്പിക്കുന്ന ഒരു സംഭവം അല്ല. ഒടുക്കലത്തെ വിശപ്പാ.അതിനു വേണ്ടി തൊഴിൽ ചെയ്യുന്നു. തൊലി മാത്രമുള്ള ശരീരത്തിന് ആവശ്യക്കാർ കുറഞ്ഞു. പിന്നെ എത്തുന്നവർ പറ്റിച്ചിട്ടും പോകും. സൽ‍മ വാതോരാതെ ഒരുപാടു കാര്യങ്ങൾ പറഞ്ഞു.

എന്നെ ഒന്ന് സഹായിക്കു.മഴയത്തു കിടക്കാൻ ഒരു കൂര ഇല്ല..
സുരക്ഷാ പ്രൊജക്റ്റ് ആയി ബന്ധപെട്ടു നിൽക്കുക ആണ് സൽ‍മ..
ലൈംഗിക തൊഴിലാളികളുടെ ആരോഗ്യം രക്ഷിക്കുക എന്ന ഉദ്ദേശമാണ് ആ പ്രോജക്ടിന്..അതായത് ,എയ്ഡ്സ് മുതലായ രോഗങ്ങളിൽ നിന്നും രക്ഷിക്കുക എന്നാണ് മനസ്സിലാക്കിയത്.പക്ഷെ ,ഒന്ന് ചോദിക്കട്ടെ.,വിശപ്പിനു മുന്നിൽ ഇതൊക്കെ കാറ്റിൽ പറക്കില്ലേ…?

പഞ്ചനക്ഷത്ര വേശ്യകളുടെ അവസ്ഥ അല്ല ഇവരുടേത്. കൂറ്റൻ കെട്ടിടങ്ങൾ പണിയാനുള്ള ആസ്തി അവർക്കുണ്ട്. പക്ഷെ ,ഇവർ ശുഷ്കിച്ച സ്തനങ്ങളിൽ മുലപ്പാൽ ഇല്ലാതെ കുഞ്ഞുങ്ങളെ ഉപേക്ഷിക്കാൻ വിധിക്കപ്പെട്ടവർ ആണ്. നശിപ്പിക്കാൻ ഉണ്ടായ ജന്തു ആണവർക്കു കുഞ്ഞുങ്ങൾ..!

ഓർമ്മയിൽ ഉണ്ട്  മറ്റൊരു കഥ. മുടവൻ മുഗൾ ,ഡിവൈൻ ഹോം എന്ന ഓർഫനേജിൽ ഒരു പെൺകുട്ടി ഉണ്ടായിരുന്നു. മുലപ്പാലിന് പകരം ചാരായം കുടിപ്പിച്ചു പുഴു അരിച്ചു ദേഹമാസകലം വൃണമായ കൈ കുഞ്ഞിനെ അവിടത്തെ ആലീസ് ‘അമ്മ എടുത്ത് വളർത്തുക ആയിരുന്നു. ഇതും കെട്ടു കഥ അല്ല. പത്രങ്ങൾ റിപ്പോർട്ട് ചെയ്ത ജീവിതമാണ്. ആ കുഞ്ഞിന്റെ അമ്മയുടെയും സദാചാരം കെട്ടതായിരുന്നു…!!!

വീണ്ടും ,ഏഴ് വയസ്സ് കാരി മനസ്സിൽ കടന്നു വരുന്നു. ആ കുഞ്ഞിന്റെ മരണം അമ്മയുടെ പിഴച്ച ജീവിതം ആണെന്ന് സദാചാരം അടിമുടി പുതച്ചവർ ആരോപിക്കുന്നു. അവർക്കറിയാമോ ? പിഴ എന്ന വാക്കിന്റെ ആഴം..പൊള്ളൽ …?വിശപ്പിന്റെ മുന്നിൽ ,അങ്ങനെ ഒന്നില്ല! ആണൊരുത്തൻ കൂടി കുടിയിൽ വന്നാൽ അന്നത്തിനു പഞ്ഞമില്ലല്ലോ എന്നാണ് ആശ്വാസം..അതേ ചിന്തിക്കു.

ശരീര വടിവ് നിലനിർത്താൻ ഭക്ഷണം ഉപേക്ഷിക്കുന്ന പോലെ അല്ല. വയറു കാളി നെഞ്ച് പൊള്ളി , ആഹാരത്തോടു ആക്രാന്തം തോന്നുമ്പോൾ ഉണ്ടാകുന്ന ഭ്രാന്ത്..! അനുഭവിച്ചിട്ടില്ല. പക്ഷെ കണ്ടിട്ടുണ്ട്. ആറു വര്ഷം അത്തരം ഒരു മേഖലയിൽ ജോലി ചെയ്തില്ല എങ്കിൽ ഞാനും ഇതൊക്കെ നമ്മുടെ കേരളത്തിൽ നടക്കില്ല എന്ന് ഉറപ്പിച്ചേനെ..

കുറച്ചു ദിവസങ്ങൾ കൂടി കഴിയവേ. ആ പെണ്കുഞ്ഞു ഓർമ്മകളിൽ നിന്നും അകന്നു പോകും.. പറച്ചിലുകൾ പ്രഹസനങ്ങൾ മാത്രമാകും..അവളുടെ നിസ്സഹായത , പിടച്ചിൽ , പുറത്തു വരാതെ അമർന്നു പോയ നിലവിളികളും . നാളെ കെട്ടുകഥ ആയി മാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button