Latest NewsWomenNews StoryLife StyleReader's Corner

സെക്സ് അപ്പീല്‍ എന്ന വാക്കിന്റെ അര്‍ത്ഥമറിയാത്ത ഒരു തലമുറയില്‍ നിന്നും വാട്ട്സ്ആപ്പിന്റെയും ഫേസ്ബൂക്കിന്റെയും ലോകം ; സംഭവിക്കുന്ന നിര്‍ഭാഗ്യകരങ്ങളായ യാഥാര്‍ത്ഥ്യങ്ങള്‍ വെളിപ്പെടുത്തുന്ന കലാഷിബുവിന്റെ ലേഖനം

സെക്സ് അപ്പീല്‍ എന്ന വാക്കിന്റെ അർത്ഥമറിയാത്ത ഒരു തലമുറ ഉണ്ടായിരുന്നു. വാട്സ്ആപ്പും ഫേസ് ബുക്കും ഇല്ല. അപകർഷതാ ബോധത്തിന് സ്ഥാനമില്ലാതെ കടന്നു പോയ കാലമായിരുന്നു,കൗമാരവും യൗവ്വനവും. ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഉയർന്നു വരുന്ന പ്രണയഭാഷയിൽ ശരീരത്തിന്റെ മുഴുപ്പും അളവിനും സ്ഥാനമില്ല. വൈകാരികമായ ആനന്ദം. വാലന്റൈന്‍സ് ഡേ കഴിഞ്ഞു പിറ്റേ ദിവസം ഒരു പെൺകുട്ടി എന്നെ കാണാൻ എത്തി.മെലിഞ്ഞു നീണ്ട ഒരു സുന്ദരി. ഇരുണ്ട ചിന്തകൾ ഏതൊക്കെയോ ഉള്ളിൽ നിറയുന്നുണ്ട്. അതിന്റെ പിരിമുറുക്കങ്ങൾ മുഖഭാവത്തിലുണ്ട്. സംഘർഷാത്മകവും അങ്ങേയറ്റം വേദനാജനകവുമായ പ്രശ്‌നമാണ് അവളുടേത്. “കൂട്ടുകാരികൾക്കൊക്കെ പ്രണയം ഉണ്ട്. വാലന്റൈൻ കാർഡ് കിട്ടാത്ത ഒരേ ഒരു പെൺകുട്ടി ക്ലാസ്സിൽ ഞാൻ ആണ്. കൂട്ടുകാരികൾ പറയുന്നു നിനക്ക് സെക്സ് അപ്പീൽ കുറവാണു, അതാണെന്ന്. മുറിവേറ്റ മനസ്സിനൊരു മരുന്നാണ് കൗൺസിലർ കൊടുക്കേണ്ടത്.

വിവാഹം ആലോചിക്കുന്നു. ജാതക ദോഷം ഉള്ളത് കൊണ്ട് നേരത്തെ നടത്താനാണ് വീട്ടുകാരുടെ ശ്രമം. പക്ഷെ അവളുടെ ഈ മനസികാവസ്ഥയുമായി ഏറ്റുമുട്ടുന്ന സാഹചര്യങ്ങൾ കൂടി വരുമോ എന്നവൾ ഭയക്കുകയാണ്. കാമത്തിന്റെ വിശുദ്ധി.അതിൽ ശരീരത്തിന്റെ വലുപ്പത്തിൽ എവിടെ ആണ് പ്രസക്തി എന്ന് അറിയില്ല. ശരിയായ അറിവ് പകർന്നു നൽകാൻ നമ്മുടെ വിദ്യാഭ്യാസ രീതിയിൽ വകുപ്പില്ല. വികലമായ മനസ്സിലാക്കലുകൾ ആണ് കുട്ടികൾക്ക് കിട്ടുന്നത്. ജീവിതത്തിൽ ചാപല്യങ്ങൾ വേണം എന്നാൽ , വിപരീത സാഹചര്യങ്ങളുടെ കുത്തൊഴുക്കുകൾക്കു എതിരെ നീന്താനും കഴിയണം. വൈരുദ്ധ്യങ്ങളിൽ നിന്നും വേണ്ടുന്ന ചേരുവ കോർത്തിണക്കി തന്റേതായ ജീവിത നിർവ്വചനങ്ങൾ ഉണ്ടാക്കാൻ സാധിച്ചാൽ, ഏത് പ്രതിസന്ധിയും തരണം ചെയ്യാം. അങ്ങേയറ്റം നിരാശയിൽ ആണ് ആരും തന്നിലെ സ്ത്രീ സൗന്ദര്യത്തെ വീണ്ടും വിധം ശ്രദ്ധിക്കുന്നില്ല എന്നവൾ പറയുന്നത്. ” വീട്ടിൽ ഇടയ്ക്കു പുറംപണിക്കു വരുന്ന ഒരു ചേട്ടനുണ്ട്. പുള്ളിക്ക് എന്നോട് ഒരു താല്പര്യം ഉണ്ടെന്നു തോന്നാറുണ്ട്.” നിഷ്കളങ്കമായി അവൾ പറഞ്ഞു.

ഡോക്ടർ ആയ അച്ഛനും കോളേജ് അദ്ധ്യാപിക ആയ അമ്മയ്ക്കും കുട്ടിയുടെ പ്രശ്നങ്ങൾ കണ്ടെത്താൻ ആയില്ല. അവൾ കോളേജിൽ പോകാൻ വിമുഖത കാണിക്കുന്നതിന്റെ ശെരിക്കുള്ള കാരണം മനസ്സിലാക്കുന്നില്ല. എന്ത് കൊണ്ടോ നമ്മുടെ നാട്ടിലെ മാതാപിതാക്കൾക്ക് പൊടി മീശ വന്ന ചെക്കനും,അംഗലാവണ്യം എത്തിയ പെണ്ണും ,കുഞ്ഞുങ്ങൾ ആണ്. അവർക്കു ലൈംഗിക വിദ്യാഭ്യാസം എന്നത് നിഷിദ്ധവും പാപവും ആണ്. സമൂഹത്തിൽ വിദ്യാസമ്പന്നരുടെ എണ്ണം ഭൂരിപക്ഷവും ആണ്. തെറ്റായ അറിവ് ഒളിച്ചു കിട്ടുന്നതിന് പകരം,നേർ വഴിക്കു വിജ്ഞാനം ലഭിക്കാനുള്ള അവസരം നിഷേധിച്ചു കൊണ്ടുള്ള സിലബസ് ആണ് കുട്ടികൾ കണ്ടെത്തുന്നത്. ഒരു ചൊല്ല് കേട്ടിട്ടുണ്ട്. വൈദ്യരുടെ കുട്ടി പുഴുത്തേ മരിയ്ക്കു എന്ന്..! അച്ഛനമ്മമാരുടെ വിദ്യാഭ്യാസ പുരോഗതിക്കു അനുസരിച്ചു കുട്ടികളെ വാർത്തെടുക്കാൻ പറ്റുന്നില്ല. ബുദ്ധി മാത്രമാണ് അവരുടെ മുന്നിലെ പ്രശ്നം. വികാരമെന്നത് ഒരു വിഡ്ഢിത്തം എന്ന മട്ടും. ഒന്ന് മാറ്റി ചിന്തിച്ചാൽ ഒരൽപം സുഖത്തിനു വേണ്ടി ഹൃദയം മരവിക്കാതെ സൂക്ഷിക്കാം. മൂർച്ചയേറിയ ചൂഷണത്തിന്റെ അറ്റം കൊണ്ട് മനസ്സിൽ പോറൽ ഏൽക്കാതെ നോക്കാം. കീറി പറിഞ്ഞ ശുഭാപ്തി വിശ്വാസം തുന്നി ചേർക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button