Kerala

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് സമീപിച്ചത് അവയവ റാക്കറ്റ്: യുവതി   രക്ഷപെട്ടത് തലനാരിഴയ്ക്ക്

തിരുവനന്തപുരം: അവയവ കച്ചവട റാക്കറ്റ് തന്നെ സമീപിച്ചത് വിദേശത്ത് ജോലി വാഗ്ദാനം ചെയ്തെന്ന് കടയ്ക്കാവൂരിൽ പരാതി നൽകിയ യുവതി. സംഘത്തെ കുറിച്ച് പരാതി നൽകിയതിന് പിന്നാലെ റാക്കറ്റിലെ പ്രധാന കണ്ണിയായ രതീഷ് ഉൾപ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രതീഷിന് പുറമേ, ഇടനിലക്കാരായ മലപ്പുറം വളാഞ്ചേരി സ്വദേശികളായ നജുമുദ്ധീൻ, ശശി എന്നിവരാണ് അറസ്റ്റിലായത്. തലനാരിഴയ്ക്കാണ് യുവതി സംഘത്തിന്റെ തട്ടിപ്പിൽ നിന്നും രക്ഷപെട്ടത്.

കടയ്ക്കാവൂർ സ്വദേശിനിയായ കാഴ്ചപരിമിതിയുള്ള യുവതിയെയാണ് സംഘം തട്ടിപ്പിന് ഇരയാക്കാൻ ശ്രമിച്ചത്. പരിചയക്കാരനായ രതീഷ്, വിദേശത്ത് ജോലി തരപ്പെടുത്തി തരാമെന്ന് പറഞ്ഞാണ് കൊച്ചിയിലേക്ക് കൂട്ടികൊണ്ടുപോയതെന്ന് പരാതിക്കാരി വെളിപ്പെടുത്തി. ജോലിക്ക് മുമ്പായുള്ള പരിശോധനകൾ എന്ന് പറഞ്ഞാണ് സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.

ഹോം നഴ്സാണെന്ന് ഡോക്ടറോട് പറയണമെന്ന് ചട്ടം കെട്ടിയെന്നും  പരാതിക്കാരി പറയുന്നു. പരിശോധനയിൽ യുവതിക്ക് ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തി. ചികിത്സ വേണമെന്ന് ഡോക്ടർ നിർദ്ദേശിച്ചു. ഇതിനിടയിൽ തട്ടിപ്പ് തിരിച്ചറിഞ്ഞതോടെ യുവതി പിന്നെ കൂടെ ചെല്ലാൻ തയ്യാറായില്ല. ഇതോടെ ഭീഷണിയായി. എതിർത്തപ്പോൾ ശാരീരികമായി ഉപദ്രവിച്ചെന്നും പരാതിക്കാരി പറയുന്നു.

യുവതി നൽകിയ പരാതിയിൽ വർക്കല എഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണമാണ് അവയവകടത്ത് മാഫിയയിലേക്ക് എത്തിയത്. രതീഷ് അടക്കം15 പേർ കിഡ്നി നൽകിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. പൊലീസ് ഇക്കാര്യങ്ങൾ വിശദമായി അന്വേഷിക്കുന്നുണ്ട്. പിടിയിലായ മൂന്ന് പേരും ഇപ്പോൾ റിമാൻഡിലാണ്. സംഘത്തിലെ കൂടുതൽ കണ്ണികളെ കടത്താനുള്ള ഊർജ്ജിത ശ്രമത്തിലാണ് പൊലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button