മലപ്പുറം:മലപ്പുറം പെരുമ്പടപ്പില്‍ പുറങ്ങില്‍ വീടിന് തീപിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ മൂന്നുപേര്‍ മരിച്ചു. അപകടത്തില്‍ അഞ്ചുപേര്‍ക്കാണ് പൊള്ളലേറ്റത്. ഇതില്‍ ഗുരുതരമായി പൊള്ളലേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ബേണ്‍സ് ഐസിയുവില്‍ ചികിത്സയിലായിരുന്ന പുറങ്ങ് പള്ളിപ്പടി തൂക്ക് പാലത്തിന് സമീപത്ത് താമസിക്കുന്ന ഏറാട്ട് വീട്ടില്‍ സരസ്വതി, മകന്‍ മണികണ്ഠന്‍, ഭാര്യ റീന എന്നിവരാണ് മരിച്ചത്. ഇവരുടെ മക്കളായ അനിരുദ്ധന്‍, നന്ദന എന്നിവര്‍ക്കും പൊള്ളലേറ്റിരുന്നു. ഇവരും ചികിത്സയിലാണ്. സംഭവം നടക്കുമ്പോള്‍ കുട്ടികള്‍ സമീപത്തെ മുറിയിലായിരുന്നു. തീപിടിക്കുന്നത് കണ്ട് ഓടിവന്ന കുട്ടികള്‍ക്കും പരിക്കേറ്റിരുന്നു. ഇവരുടെ പരിക്ക് സാരമുള്ളതല്ല.
Read Also: സെപ്റ്റംബര്‍ 4, 7 തീയതികളില്‍ മുംബൈയില്‍ ഇറച്ചി വില്‍പ്പനയ്ക്ക് നിരോധനം
മരിച്ച മൂന്നുപേര്‍ക്കും 90ശതമാനവും പൊള്ളലേറ്റിരുന്നു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ വീടിന്റെ ഒരു മുറിയിലാണ് തീപിടുത്തം ഉണ്ടായത്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ വാതില്‍ ചവിട്ടി പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.സാമ്പത്തിക ബാധ്യതയെ തുടര്‍ന്നുള്ള ആത്മഹത്യായാണ് നടന്നതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. പെട്രോളൊഴിച്ച് തീകൊളുത്തിയതാണെന്നാണ് പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിലെ വിവരം. പെട്രോള്‍ അടങ്ങിയ കുപ്പി അടക്കം സ്ഥലത്ത് നിന്നും കണ്ടെത്തി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Post Your Comments