KeralaLatest NewsNews

പാപ്പനംകോട് തീപിടിത്തം: ദുരൂഹതയേറ്റി വൈഷ്ണവിയുടെ മരണം, മരിച്ച പുരുഷന്‍ ആര്? അന്വേഷണം തുടങ്ങി

തിരുവനന്തപുരം: പാപ്പനംകോട് പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുടെ ഓഫീസില്‍ തീപിടിത്തം ഉണ്ടായതില്‍ ദുരൂഹത. ഓഫീസിലെ ജീവനക്കാരി വൈഷ്ണവിക്കൊപ്പം മരിച്ചത് പുരുഷനാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ദുരൂഹത ഉയര്‍ന്നത്. വൈഷ്ണവിക്ക് കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതും മുന്‍പ് ഭര്‍ത്താവ് ബിനു ഓഫീസിലെത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചു. പിന്നാലെ ബിനുവിനെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. സംഭവം സബ് കളക്ടര്‍ അന്വേഷിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പ്രതികരിച്ചു. ഒരു ദിവസത്തില്‍ സബ് കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

Read Also: ഭാര്യയെ ബോധം കെടുത്തി മറ്റുള്ളവര്‍ക്ക് ബലാത്സംഗം ചെയ്യാന്‍ അവസരമൊരുക്കി ഭര്‍ത്താവ്: ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

പാപ്പനംകോട് ജങ്ഷനിലെ ഇരുനില കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുടെ വാഹന ഇന്‍ഷുറന്‍സ് അടയ്ക്കുന്ന സ്ഥാപനത്തിലാണ് തീപിടിത്തം ഉണ്ടായത്. വൈഷ്ണവിയാണ് മരിച്ച ഒരാളെന്നും സ്ഥാപനത്തില്‍ ഇന്‍ഷുറന്‍സ് അടയ്ക്കാനെത്തിയ ആളാണ് മരിച്ച രണ്ടാമത്തെയാളെന്നും നേരത്തെ സംശയം ഉയര്‍ന്നിരുന്നു. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ മരിച്ച രണ്ടാമത്തെയാളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഇതിന് പിന്നാലെയാണ് വൈഷ്ണവിയുടെ കുടുംബ പ്രശ്‌നങ്ങള്‍ പൊലീസിന്റെ ശ്രദ്ധയിലെത്തിയത്.

ഏഴ് വര്‍ഷമായി വൈഷ്ണവി ഈ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നുണ്ട്. ഇവര്‍ക്ക് രണ്ടാം ക്ലാസിലും മൂന്നാം ക്ലാസിലും പഠിക്കുന്ന രണ്ട് കുട്ടികളുണ്ട്. നരുവാമൂട് സ്വദേശി ബിനുവാണ് വൈഷ്ണവിയുടെ ഭര്‍ത്താവ്. ബിനുവാണോ തീപിടിത്തത്തില്‍ മരിച്ച രണ്ടാമത്തെയാളെന്നാണ് അന്വേഷിക്കുന്നത്. സ്ഥാപനം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ പെട്ടെന്ന് പൊട്ടിത്തെറി ഉണ്ടായെന്നും പിന്നാലെ തീ ആളിപ്പടര്‍ന്നു എന്നുമാണ് ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയത്. അതിവേഗം തീ പടര്‍ന്നു. പിന്നാലെ നാട്ടുകാര്‍ ഇടപെട്ട് തീയണക്കാന്‍ ശ്രമിച്ചു. ശേഷം ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീ പൂര്‍ണമായി അണച്ചു. ഈ സമയത്താണ് കത്തിക്കരിഞ്ഞ നിലയില്‍ രണ്ട് പേരെ ഓഫീസില്‍ നിന്ന് കണ്ടെത്തിയത്. പിന്നാലെ ഇവരെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button