അടിമാലി: മൂന്നാറിലെ ജ്വല്ലറിയില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണാഭരണം അടിമാലിയിലെ ജ്വല്ലറിയിലെത്തി വില്‍ക്കാനുള്ള ശ്രമത്തിനിടെ യുവതി പിടിയില്‍.
ചാലക്കുടി സ്വദേശിനി സുധയാണ് അടിമാലി പൊലീസിന്റെ പിടിയിലായത്. വാട്ട്സ് അപ്പ് ഗ്രൂപ്പുകളില്‍ ജ്വല്ലറി ജീവനക്കാര്‍ മോഷണം നടന്ന വിവരം കൈമാറി. ഇതാണ് യുവതിയെ പിടികൂടാന്‍ സഹായകമായത്.
ചാലക്കുടി സ്വദേശിനിയായ സുധ മൂന്നാറിലെ ജ്വല്ലറിയില്‍ മാല വാങ്ങാനെന്ന മട്ടിലാണ് ആദ്യം എത്തിയത്. അവിടെ നിന്ന് തന്ത്രത്തില്‍ മാല മോഷ്ടിച്ച ശേഷം കടന്നുകളഞ്ഞു. മോഷണം നടന്ന വിവരം വളരെ വൈകിയാണ് ജ്വല്ലറി ഉടമകള്‍ അറിഞ്ഞത്. ഉടന്‍ തന്നെ വാട്ട്സ് അപ്പ് ഗ്രൂപ്പുകളില്‍ ജ്വല്ലറി ജീവനക്കാര്‍ മോഷണം നടന്ന വിവരം കൈമാറി.
മോഷ്ടിച്ച മാല വില്‍ക്കാന്‍ സുധ തെരഞ്ഞെടുത്തത് അടിമാലിയിലെ മറ്റൊരു ജ്വല്ലറിയായിരുന്നു. മൂന്നാറില്‍ നിന്ന് ഓട്ടോറിക്ഷയിലായിരുന്നു യാത്ര. അടിമാലിയിലെത്തിയ ശേഷം പണം തരാമെന്നാണ് ഓട്ടോറിക്ഷക്കാരനോട് പറഞ്ഞിരുന്നത്. എന്നാല്‍ മൂന്നാറിലെ മോഷണത്തിന്റെ വിവരം അറിഞ്ഞിരുന്ന അടിമാലിയിലെ കടയുടമകള്‍ക്ക് സംശയം തോന്നി. അടിമാലി പൊലീസിനെ അവര്‍ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി സുധയെ കസ്റ്റഡിയിലെടുത്തു. മോഷ്ടിച്ച മാലയും സുധയില്‍ നിന്ന് കണ്ടെടുത്തു. തുടര്‍നടപടിക്കായി യുവതിയെ മൂന്നാര്‍ പൊലീസിന് കൈമാറി.
Post Your Comments