ചെന്നൈ: തമിഴ്നാട്ടിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ മാറ്റമുണ്ടാക്കാനായാൽ ദേശീയ രാഷ്ട്രീയത്തിൽ തങ്ങൾ സമ്മർദ്ദ ശക്തികൾക്ക് അതീതരാകുമെന്ന തിരിച്ചറിവിലാണോ ബിജെപി ദേശീയ നേതൃത്വം? ഇന്ന് ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രായോഗിക രാഷ്ട്രീയം ഏറ്റവും മനോഹരമായി പയറ്റുന്ന ബിജെപി ഇപ്പോൾ ലക്ഷ്യം വെക്കുന്നത് തമിഴ്നാട്ടിലെ ഭരണകക്ഷിയും പ്രതിപക്ഷ സഖ്യത്തിലെ പ്രധാനിയുമായ ഡിഎംകെയെ തങ്ങളുടെ പാളയത്തിലെത്തിക്കാനാണ്.
സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ ശക്തമായ നിലപാടെടുക്കുന്ന നേതാവെന്ന പ്രതിച്ഛായ നിലനിർത്തുമ്പോഴും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ബിജെപി നേതാക്കളുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട് എന്ന ആരോപണം രാഷ്ട്രീയ കേന്ദ്രങ്ങളിൽ ശക്തമാണ്. ഇതിനിടെയാണ് ബിജെപിയുടെ മുതിർന്ന ദേശീയ നേതാക്കൾ തമിഴ്നാട് മുൻ മുഖ്യമന്ത്രിയും എം കെ സ്റ്റാലിന്റെ പിതാവുമായ എം കരുണാനിധിയടെ സ്മാരകത്തിൽ എത്തിയത്.
രാജ്നാഥ് സിംഗ് അടക്കമുള്ള ബിജെപി നേതാക്കൾ കരുണാനിധി സ്മാരകത്തിലെത്തിയതിന് പിന്നാലെ തമിഴ്നാട് രാഷ്ട്രീയത്തിൽ ചൂടേറിയ ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. ബിജെപി – ഡിഎംകെ രഹസ്യ ബന്ധമെന്ന ആക്ഷേപം അണ്ണാ ഡിഎംകെ ശക്തമാക്കുകയാണ്. ബിജെപി – ഡിഎംകെ ബന്ധത്തെ കോൺഗ്രസും സംശയദൃഷ്ടിയോടെയാണ് കാണുന്നത്. ആശയപരമായ ഭിന്നത നിലനിൽക്കുന്നു എന്നാണ് സ്റ്റാലിന്റെ വാദമെങ്കിലും മുമ്പ് ബിജെപിയുടെ സഖ്യകക്ഷിയായിരുന്നു ഡിഎംകെ എന്നതു കൊണ്ടുതന്നെ വീണ്ടും ബിജെപി പാളയത്തിൽ പോകാൻ സ്റ്റാലിന് പ്രത്യയശാസ്ത്ര തടസ്സമൊന്നുമില്ല.
ഒരു മാസത്തിനകം അര ഡസൻ ഡിഎംകെ നേതാക്കൾ ജയിലിലാകുമെന്ന് ബിജെപി നേതാവ് എച്ച് രാജ വെല്ലുവിളിച്ചിട്ട് 14 മാസമായി. സെൻതിൽ ബാലാജിയുടെ അറസ്റ്റിന് പിന്നാലെയായിരുന്നു ബിജെപിയുടെ മുതിർന്ന നേതാവിൻറെ വെല്ലുവിളി. പക്ഷേ ഒന്നും സംഭവിച്ചിട്ടില്ല. കേന്ദ്ര ഏജൻസികളുടെ വിരട്ടലെല്ലാം ഉണ്ടായില്ലാ വെടിയെന്ന അണ്ണാ ഡിഎംകെ ആക്ഷേപം അന്തരീക്ഷത്തിൽ ഉള്ളപ്പോഴാണ്, ലോക്സഭ തെരഞ്ഞെടുപ്പിന് പിന്നാലെ ഡിഎംകെയെ പാട്ടിലാക്കാൻ ബിജെപി നീക്കം തുടങ്ങിയത്. കോൺഗ്രസിനൊപ്പം നിൽക്കുന്ന പ്രബല പാർട്ടികളെ അടർത്തിമാറ്റി കോൺഗ്രസിനെയും പ്രതിപക്ഷ നിരയേയും ദുർബലമാക്കുകയാണ് ബിജെപി തന്ത്രം.
ഡിഎംകെ നേതാവ് ടി ആർ ബാലുവിന് ഡെപ്യൂട്ടി സ്പീക്കർ പദവി വാഗ്ദാനം ചെയ്തത് ഇന്ത്യ സഖ്യത്തിൽ ആശയക്കുഴപ്പം ഉണ്ടാക്കാൻ മാത്രമായിരുന്നില്ല. വാജ്പെയ് മന്ത്രിസഭയുടെ ഭാഗം ആയിരുന്ന ഡിഎംകെ, തങ്ങളുടെ സ്വാഭാവിക സഖ്യകക്ഷിയെന്ന് പല ബിജെപി ദേശീയ നേതാക്കളും അടക്കം പറയുന്നുമുണ്ട്. ആപത്തു കാലത്തേക്ക് ഒരു നിക്ഷേപമായി ഡിഎംകെയെ കരുതിവയ്ക്കണമെന്ന വാദം ബിജെപിക്കുള്ളിൽ ഉയരുമ്പോഴാണ് കരുണാനിധി സ്മാരകത്തിലേക്ക് രാജ്നാഥ് സിംഗ് അടക്കം നേതാക്കളുടെ സന്ദർശനം.
ആർഎസ്എസിനെതിരെ ആശയ പോരാട്ടം നടത്തുന്നുവെന്ന് എപ്പോഴും പറയുന്ന സ്റ്റാലിൻ വളരെ പെട്ടെന്ന് ബിജെപി പാളയത്തിൽ എത്തുമെന്ന് ആരും കരുതുന്നില്ല. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി സ്റ്റാലിനു നല്ല ബന്ധമാണുള്ളത്. അതേസമയം, തമിഴ്നാട്ടിലെ പല കോൺഗ്രസ് നേതാക്കളും അടുത്ത നാളുകളിൽ ഡിഎംകെയ്ക്കെതിരെ മുന വച്ച് സംസാരിക്കുന്നുണ്ട്.
എന്നാൽ, രാഷ്ട്രീയത്തിലെ സാധ്യതകൾ ഉപയോഗിക്കുന്നതിൽ ദ്രാവിഡ പാർട്ടികൾക്കുള്ള മെയ്വഴക്കം പരിചിതമായ രാഷ്ട്രീയ വിദ്യാര്ഥികൾക്ക് കരുണാനിധി സ്മാരകത്തിലെ ദൃശ്യങ്ങളിൽ കൗതുകം തോന്നുക സ്വഭാവികമാകും. ലോക്സഭ എംപിമാരുടെ കണക്കു പറഞ്ഞ് സമ്മർദത്തിലാക്കുന്ന ജെഡിയു- ടിഡിപി കക്ഷികളോട്, മറ്റ് സാധ്യതകളും തങ്ങൾക്കുണ്ടെന്ന പരോക്ഷ മുന്നറിയിപ്പ് നൽകുകയാണ് ബിജെപി.
അതേസമയം, തമിഴ്നാട്ടിൽ ഡിഎംകെയുടെ ബലത്തിലാണ് കോൺഗ്രസും സിപിഎമ്മും സിപിഐയും ജയിച്ചകയറുന്നത്. തമിഴ്നാട് രാഷ്ട്രീയത്തിൽ കെട്ടുറപ്പുള്ള ഏക പാർട്ടിയും ഇപ്പോൾ ഡിഎംകെ മാത്രമാണ്. രൂക്ഷമായ തർക്കങ്ങളിൽ തകർന്നു നിൽക്കുകയാണ് എഐഎഡിഎംകെ. കോൺഗ്രസിനും സിപിഎമ്മിനും തനിച്ച് മത്സരിച്ച് ജയിച്ചെത്താനുള്ള ശക്തി തമിഴ്നാട്ടിലില്ല. അതുകൊണ്ട് തന്നെ ഡിഎംകെ ബിജെപി പാളയത്തിലെത്തിയാൽ ഏറ്റവും കൂടുതൽ ബാധിക്കുന്നത് കോൺഗ്രസിനെയും സിപിഎമ്മിനെയുമാണ്.
Post Your Comments