ഗവ.മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്: പ്രതി പിടിയില്‍

കൊല്‍ക്കത്ത: ആര്‍.ജി. കാര്‍ ഗവ.മെഡിക്കല്‍ കോളജില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ സഹായിച്ചത് ബ്ലൂടൂത്ത്. പൊലീസ് അറസ്റ്റു ചെയ്ത സഞ്ജയ് റോയിയുടെ ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തതാണ് വഴിത്തിരിവായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പിജി രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയുടെ മൃതദേഹം വെള്ളിയാഴ്ച പുലര്‍ച്ചെ മെഡിക്കല്‍ കോളജിലെ സെമിനാര്‍ ഹാളിലാണ് കണ്ടെത്തിയത്. ആത്മഹത്യയാണെന്നായിരുന്നു ആദ്യ നിഗമനം.

Read Also: ഓട്ടോറിക്ഷയില്‍ ആണ്‍സുഹൃത്തിന്റെ ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി യുവതി

സ്ഥലത്തെ വിവിധ സിസിടിവി ദൃശ്യങ്ങള്‍ കൊല്‍ക്കത്ത പൊലീസ് ശേഖരിച്ചിരുന്നു. സെമിനാര്‍ ഹാളിന്റെ പരിസരത്ത് സംശയകരമായ സാഹചര്യത്തില്‍ സഞ്ജയ് റോയ് നില്‍ക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ടായിരുന്നു. സംശയമുള്ളവരെയെല്ലാം പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. അവരുടെയെല്ലാം ഫോണുകള്‍ പിടിച്ചെടുത്തു. ചോദ്യം ചെയ്യലിനുശേഷം ഉദ്യോഗസ്ഥര്‍ സംശയിക്കുന്നവരുടെ ഫോണുകളില്‍ ബ്ലൂടൂത്ത് ഹെഡ് സെറ്റ് കണക്ട് ചെയ്യാന്‍ ശ്രമിച്ചു. സഞ്ജയുടെ ഫോണില്‍ ബ്ലൂടൂത്ത് ഓട്ടമാറ്റിക് ആയി കണക്ട് ആയതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നെന്നും ദേശീയമാധ്യമങ്ങള്‍ പറയുന്നു. കുറ്റകൃത്യം നടത്താന്‍ സഞ്ജയെ ആരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നു

ആശുപത്രിയുമായി ബന്ധമില്ലാത്തയാളാണ് സഞ്ജയ്. ഇയാള്‍ കോളജിലെ പല ഡിപ്പാര്‍ട്‌മെന്റുകളിലും അനധികൃതമായി പ്രവേശിക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിനും ആറിനുമിടയിലാണു സംഭവം നടന്നതെന്നു കരുതുന്നു. 2 മണിക്കു ജൂനിയര്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം ഭക്ഷണം കഴിച്ചെത്തിയ പെണ്‍കുട്ടി സെമിനാര്‍ ഹാളിലേക്ക് പോയി. അതിനുശേഷം രാവിലെ മരിച്ച നിലയിലാണു കണ്ടെത്തിയത്. രാത്രി ഡ്യൂട്ടിക്കിടെ വിശ്രമിക്കുന്നതിനു പ്രത്യേക മുറി ഇല്ലാത്തതിനാല്‍ ഡോക്ടര്‍മാര്‍ സെമിനാര്‍ ഹാള്‍ ഉപയോഗിക്കുന്നതു പതിവായിരുന്നു.

മെഡിക്കല്‍ വിദ്യാര്‍ഥികളുടെ വന്‍ പ്രതിഷേധമുയര്‍ന്ന സംഭവത്തില്‍ കേസിന്റെ വിചാരണ അതിവേഗ കോടതിയില്‍ നടത്തുമെന്നും വധശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചു.

Share
Leave a Comment