KeralaLatest NewsEntertainment

‘പറഞ്ഞ അഭിപ്രായങ്ങളിൽ ഉറച്ചു നിൽക്കുന്നു, ചില വാക്കുകൾ ഉപയോഗിച്ചതിൽ മാത്രം പശ്ചാത്താപം’ – ജാമ്യത്തിലിറങ്ങിയ ചെകുത്താൻ

പത്തനംതിട്ട: നടൻ മോ​ഹൻലാലിനെ കുറിച്ച് പറഞ്ഞ അഭിപ്രായങ്ങളിൽ ഉറച്ചുനിൽക്കുന്നെന്ന് ചെകുത്താൻ. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ മോഹൻലാൽ വയനാട്ടിലെ ദുരന്തമേഖലയിൽ പോയത് ശരിയായില്ലെന്ന് തന്നെയാണ് തന്റെ അഭിപ്രായമെന്നും സമൂഹ മാധ്യമങ്ങളിൽ ചെകുത്താൻ എന്ന പേരിൽ അറിയപ്പെടുന്ന യുട്യൂബർ അജു അലക്സ് പറഞ്ഞു. അതേസമയം, താൻ മോ​ഹൻലാലിനെതിരെ ഉപയോ​ഗിച്ച വാക്കുകൾ ശരിയായില്ലെന്നും ജാമ്യത്തിലിറങ്ങിയശേഷം അജു അലക്സ് പ്രതികരിച്ചു.

കഴിഞ്ഞ ദിവസമാണ്നടൻ മോഹൻലാലിനെതിരെ അധിക്ഷേപം നടത്തിയ സംഭവത്തിൽ അജു അലക്സിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തിൽ വിട്ടു. അതിന് ശേഷമാണ് തന്റെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നു എന്ന് അജു അലക്സ് വ്യക്തമാക്കിയത്. ചെകുത്താൻ പേജുകളിൽ അടക്കം ഇനിയും അഭിപ്രായങ്ങൾ തുറന്നു പറയും. കേരളത്തിൽ ഒരുപാട് പേർക്ക് മോഹൻലാൽ വയനാട്ടിൽ പോയതിനെക്കുറിച്ച് ഇതേ അഭിപ്രായമുണ്ടെന്നും അജു അലക്സ് അവകാശപ്പെട്ടു. എന്നാൽ, ഞാൻ ഉപയോഗിച്ച വാക്കുകൾ ശരിയായിരുന്നില്ല. ഉപയോഗിച്ച വാക്കുകൾ ശരിയായില്ലെങ്കിലും പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നു. മോഹൻലാലിനെതിരെ സൈന്യത്തിന് തന്നെ പരാതി നൽകും.

ദുരന്തമുഖത്ത് പരിശീലനം കിട്ടിയ ആളുകളുടെ സാന്നിധ്യമാണ് അപ്പോൾ അവിടെ വേണ്ടത്. ജീവൻ രക്ഷിക്കാനുള്ള മിലിട്ടറിയുടെ വിലപ്പെട്ട സമയമാണ് അത്രയും നേരം പോയത്. സൈന്യത്തിൻറെ വിലപ്പെട്ട സമയം മോഹൻലാൽ കളഞ്ഞു. പൊലീസ് പറഞ്ഞിട്ടാണ് വീഡിയോ നീക്കം ചെയ്തതെന്നും അജു അലക്സ് പറഞ്ഞു. ഒരു മിലിട്ടറി ഉദ്യോഗസ്ഥനാണ് വന്നിരുന്നതെങ്കിൽ അത്രയധികം ആളുകൾ അവിടെ എത്തില്ലായിരുന്നു. ഇത് സെലിബ്രിറ്റി ആയതുകൊണ്ടാണ് ആളുകൾ കൂടുകയും സെൽഫി എടുക്കുകയും ചെയ്തത്.

മാത്രമല്ല ഇത്തരത്തിൽ എടുത്ത ചിത്രങ്ങൾ മോഹൻലാലിൻറെ ഫേയ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. അങ്ങനെ ഒന്നും ഒരിക്കലും ചെയ്യാൻ പാടില്ല. പൊലീസ് കേസെടുത്തതിന് പിന്നാലെ ഞാൻ ഒളിവിലാണെന്നൊക്കെ പ്രചരിപ്പിച്ചു. സ്റ്റേഷനിൽ എത്താൻ പറഞ്ഞതിൻറെ അടിസ്ഥാനത്തിൽ പോയപ്പോഴാണ് തുടർ നടപടിയുണ്ടായത്. അഴിക്കുള്ളിലായതുപോലെയുള്ള ചിത്രങ്ങളൊക്കെയാണ് പ്രചരിച്ചു. താൻ സ്റ്റേഷനിലെത്തിയശേഷം പിന്നീട് പലകാര്യങ്ങളും പ്രചരിച്ചുവെന്നും അജു അലക്സ് പറഞ്ഞു.

ഇന്നലെ രാത്രിയോടെയാണ് തിരുവല്ല പൊലീസ് അജുവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത്. നേരത്തെ, യൂട്യൂബറുടെ കൊച്ചി ഇടപ്പള്ളിയിലെ താമസ സ്ഥലത്തുനിന്നും കമ്പ്യൂട്ടർ അടക്കം എല്ലാ ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തിരുന്നു. താരസംഘടനയായ അമ്മ ജനറൽ സെക്രട്ടറി നടൻ സിദ്ദീഖിന്റെ പരാതിയിലാണ് മോഹൻലാലിനെ അപമാനിച്ചതിന് അജുവിനെതിരെ കേസെടുത്തത്. കേസ് എടുത്തതിന് പിന്നാലെ ഇയാൾ ഒളിവിലായിരുന്നു.

ചെകുത്താൻ എന്ന പേരിൽ യുട്യൂബിലും ഫേസ്ബുക്കിലും റിയാക്ഷൻ വീഡിയോകൾ ചെയ്യുന്ന തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വയനാട്ടിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട നടൻ മോഹൻലാലിനെതിരെ നടത്തിയ അധിക്ഷേപ പരാമർശങ്ങളെ തുടർന്നാണ് ചെകുത്താനെതിരെ നടപടിയെടുത്തത്.

ഭാരതീയ ന്യായ സംഹിത 192, 236 (ബി), കേരള പൊലീസ് ആക്റ്റ് 2011 120(0) വകുപ്പുകൾ പ്രകാരമാണ് അജു അലക്സിന് എതിരായ കേസ്. മോഹൻലാലിൻറെ ആരാധകരിൽ വിദ്വേഷം ഉളവാക്കുന്ന രീതിയിലാണ് അജു അലക്സിൻറെ പരാമർശമെന്ന് തിരുവല്ല പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നു. നിരൂപണമെന്ന പേരിൽ സിനിമാപ്രവർത്തകരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന യുട്യൂബർമാർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് താരസംഘടനയുടെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button