വയനാട്: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് വ്യാപകമായി സഹായങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയ്‌ക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട അഖില്‍ മാരാര്‍ക്കെതിരെ നടപടി. കൊച്ചി ഇന്‍ഫോപാര്‍ക്ക് പൊലീസ് ആണ് നടനും സംവിധായകനുമായ അഖില്‍ മാരാര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ദുരിതാശ്വാസനിധിയിലേക്ക് താന്‍ പണം നല്‍കില്ലെന്നും ദുരന്തബാധിതര്‍ക്കായി അഞ്ചുസെന്റ് സ്ഥലത്തില്‍ മൂന്ന് വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്നുമായിരുന്നു ഫേസ്ബുക്കിലൂടെ അഖില്‍ മാരാരുടെ പ്രതികരണം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി സുതാര്യമാണെങ്കിലും അത് ചെലവഴിക്കുന്നത് സംബന്ധിച്ച വിവേചനാധികാരം മുഖ്യമന്ത്രിയ്ക്കാണെന്ന് അഖില്‍ മാരാര്‍ ആരോപിച്ചിരുന്നു. തന്റെ പാര്‍ട്ടിക്കാരെ മാത്രമാണ് മുഖ്യമന്ത്രി മനുഷ്യരായി കാണുന്നതെന്നും അവര്‍ക്ക് മാത്രം അദ്ദേഹം ദൈവമാണെന്നും സോഷ്യല്‍ മീഡിയയിലൂടെ അഖില്‍ മാരാര്‍ പറഞ്ഞു. പിണറായി വിജയന്‍ ദുരന്തങ്ങളില്‍ കേരളത്തെ രക്ഷിച്ച ജനനായകന്‍ അല്ലെന്നും ദുരന്തങ്ങളെ മുതലെടുത്ത് സ്വയം രക്ഷപ്പെട്ടവനാണെന്നും അഖില്‍ മാരാര്‍ പരിഹസിച്ചിരുന്നു.
താന്‍ വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് നേരിട്ടും അല്ലാതെയും സഹായമെത്തിക്കുമെന്നും എങ്ങനെ സഹായിക്കണമെന്നത് തന്റെ ഇഷ്ടമാണെന്നും അഖില്‍ മാരാര്‍ ഫേസ്ബുക്കിലൂടെ പറഞ്ഞു.
Post Your Comments