കൊച്ചി: കേരളത്തിലെ 10-ാം ക്ലാസ്സ് വരെയുള്ള സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. അധ്യാപക സംഘടനകളും വിദ്യാര്‍ഥികളുമടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണു ജസ്റ്റിസ് എ.സിയാദ് റഹ്മാന്റെ ഉത്തരവ്. ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയതു നടപ്പാക്കിക്കഴിഞ്ഞെങ്കിലും ഇനി മുതല്‍ അത് പാടില്ലെന്നും കോടതി വ്യക്തമാക്കി. വിദ്യാഭ്യാസ വിദഗ്ധരും അധ്യാപക സംഘടനകള്‍ അടക്കമുള്ളവരുമായി ആലോചിച്ച് പ്രവൃത്തിദിവസങ്ങളുടെ കാര്യത്തില്‍ സര്‍ക്കാരിന് ഉചിതമായ തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ സ്‌കൂളുകളില്‍ 220 പ്രവൃത്തിദിവസങ്ങളാക്കിയ നടപടിക്കെതിരെ അധ്യാപക സംഘടനകള്‍ അടക്കമുള്ളവര്‍ രംഗത്തുവന്നിരുന്നു. പ്രതിപക്ഷ അധ്യാപക സംഘടനകള്‍ക്കു പുറമെ സിപിഐയുടെ അധ്യാപക സംഘടനയും പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. സിപിഎമ്മിന്റെ സംഘടനയും തങ്ങള്‍ക്കുള്ള എതിര്‍പ്പ് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
കേരള വിദ്യാഭ്യാസ ചട്ടം അനുസരിച്ച് ഒരു അധ്യയന വര്‍ഷം 220 പ്രവൃത്തി ദിവസങ്ങള്‍ വേണമെന്നാണ്. എന്നാല്‍ കഴിഞ്ഞതിനു മുമ്പത്തെ വര്‍ഷം ഇത് 195 ആയിരുന്നു. കഴിഞ്ഞ വര്‍ഷം മന്ത്രി വി.ശിവന്‍കുട്ടിയുടെ നിര്‍ദേശപ്രകാരം ഇത് 204 ആക്കി ഉയര്‍ത്തി. ഇത്തവണ 210 ദിവസമാക്കാന്‍ നിര്‍ദേശിച്ചെങ്കിലും 204 മതി എന്നായിരുന്നു ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം മേല്‍നോട്ട സമിതിയുടെ ശുപാര്‍ശ. അധ്യാപക സംഘടനകളും 210 ആക്കുന്നതിനോട് എതിര്‍പ്പറിയിച്ചിരുന്നു.
എന്നാല്‍ ചട്ടപ്രകാരമുള്ള അധ്യയന ദിനങ്ങള്‍ കുറയ്ക്കുന്നതിനെതിരെ ചില സ്‌കൂളുകള്‍ ഹൈക്കോടതിയെ സമീപിച്ചു. ഇക്കാര്യത്തില്‍ കോടതി നിര്‍ദേശം അനുസരിച്ച് ഹിയറിങ് നടത്തിയെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ല. ഇതിനെതിരെയുള്ള കോടതിയലക്ഷ്യ ഹര്‍ജി കോടതി പരിഗണിക്കാനിരിക്കെയാണ് പ്രവൃത്തി ദിവസങ്ങള്‍ 220 ആക്കിക്കൊണ്ട് ജൂണ്‍ ആദ്യം വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. ഇതിനെതിരെ കോണ്‍ഗ്രസിന്റെ അധ്യാപക സംഘടനയായ കെപിഎസ്ടിഎ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് കോടതിയില്‍ നിന്ന് തീരുമാനം ഉണ്ടായിരിക്കുന്നത്.
Post Your Comments