തിരുവനന്തപുരം: വഞ്ചിയൂരില്‍ എയർഗൺ ഉപയോഗിച്ചുള്ള ആക്രമണത്തിന് പിന്നിൽ വ്യക്തിവൈരാഗ്യം തന്നെയാകാം കാരണമെന്ന നിഗമനത്തിൽ പൊലീസ്. വെടിയേറ്റ ഷിനിയോടോ, കുടുംബത്തോടോ ഉള്ള വൈരാഗ്യത്തിന്റെ പേരിലാകാം ആക്രമണം നടന്നതെന്നാണ് പൊലീസിന്റെ സംശയം. എന്നാൽ, ആരാണ് അക്രമിയെന്നോ എന്തുദ്ദേശത്തിലായിരുന്നു അതിക്രമമെന്നോ അറിയില്ലെന്നാണ് കുടുംബം ആവർത്തിക്കുന്നത്. മുഖം മറച്ചെത്തിയ ഒരു സ്ത്രീയാണ് ആക്രമിച്ചതെന്ന് മാത്രമാണ് ഷിനിയും കുടുംബവും പറയുന്നത്.
ഞായറാഴ്ച്ച രാവിലെയാണ് നാഷണൽ ഹെൽത്ത് മിഷൻ പിആർഒ ആയ ചെമ്പകശ്ശേരി സ്വദേശി ഷിനി ആക്രമണത്തിന് ഇരയായത്. രാവിലെ എട്ടരയോടെയാണ് സംഭവം. കോളിംഗ് ബെല്ലു കേട്ട് ഷിനിയുടെ ഭർത്താവിൻറെ അച്ഛനാണ് വാതിൽ തുറന്ന് പുറത്തെത്തിയത്. രജിസ്ട്രേഡ് കൊറിയർ ഉണ്ടെന്നും ഷിനി തന്നെ ഒപ്പിട്ട് വാങ്ങണമെന്നുമായിരുന്നു വന്നയാളുടെ ആവശ്യം. പേനയെടുക്കാൻ അച്ഛൻ വീട്ടിനകത്ത് കയറിയതിനിടെ പുറത്തേക്ക് വന്ന ഷിനിയുടെ പേര് ചോദിച്ച് ഉറപ്പാക്കിയാണ് വെടിയുതിർത്തത്. ഒരെണ്ണം കയ്യിൽ കൊണ്ടു ബാക്കി രണ്ടെണ്ണം തറയിലുമാണ് പതിച്ചത്. കൈവെള്ളക്ക് പരിക്കേറ്റ ചെമ്പകശ്ശേരി സ്വദേശി ഷിനി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വെടിയേറ്റ ഷിനിയോടോ, കുടുംബത്തോടോ ഉള്ള വ്യക്തിവൈരാഗ്യം തന്നെയാകാം ആക്രമണത്തിന് പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ്. ഞായറാഴ്ച രാവിലെ ആക്രമണത്തിനായി തെരെഞ്ഞെടുത്തതും ആർക്കോ വ്യക്തമായ സൂചന നൽകാൻ വേണ്ടിയാകുമെന്നാണ് നിഗമനം. ആക്രമിച്ച സ്ത്രീ വഞ്ചിയൂരുളള വീടും പരിസരവും മനസിലാക്കാൻ മുമ്പ് എത്തിയിരുന്നതായും പൊലീസ് സംശയിക്കുന്നു. സിറ്റി പൊലീസ് കമ്മീഷണർ അടക്കം സ്ഥലത്തെത്തി സാഹചര്യം വിലയിരുത്തി. കൈക്ക് നിസ്സാര പരിക്ക് മാത്രമാണ് ഷിനിക്ക് ഉള്ളത്. വിശദമായ മൊഴിയെടുത്ത് അന്വേഷണം നടത്തും.
Post Your Comments