KeralaLatest NewsIndia

ചിട്ടിക്കമ്പനിയിലെ പണവുമായി മുങ്ങിയ ഏജന്റിനെ 20 വർഷത്തിന് ശേഷം തമിഴ്‌നാട്ടിൽ നിന്നും പോലീസ് പൊക്കി

കൊച്ചി: പള്ളുരുത്തിയിലെ അനധികൃത ചിട്ടിക്കമ്പനിയിൽ നിന്നും പണവുമായി മുങ്ങിയ കളക്ഷൻ ഏജന്റ് 20 വർഷങ്ങൾക്ക് ശേഷം പോലീസിന്റെ പിടിയിൽ. പള്ളൂരുത്തിയിൽ നിന്ന് നിരവധി പേരിൽ നിന്നും പിരിച്ച ചിട്ടി തുകയുമായി പ്രതി കടന്നുകളയുകയായിരുന്നു. തമിഴ്നാട് കൊടുമുടി സ്വദേശിയായ ശേഖർ എന്നയാളെയാണ് തമിഴ്നാട്ടിലെത്തി നീണ്ട നാളുകൾക്ക് ശേഷം പള്ളൂരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. പള്ളൂരുത്തി ഭാഗത്ത് ഒരു അനധികൃത ചിട്ടിക്കമ്പനി സ്ഥാപനത്തിലെ കളക്ഷൻ ഏജന്‍റായി ജോലി ചെയ്യുകയായിരുന്നു ശേഖർ.

നിരവധി പേരിൽ നിന്നും പിരിച്ചെടുത്ത പണവും, ചിട്ടി നടത്തിയിരുന്ന സ്ഥാപനത്തിന്‍റെ വാഹനവുമായി 2004ൽ ഇയാൾ നാട് വിടുകയായിരുന്നു. പണം നഷ്ടപ്പെട്ടവരുടെ പരാതിയിൽ പള്ളൂരുത്തി പൊലീസ് സ്റ്റേഷനിൽ ക്രൈം 106/2004 ആയി കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ ശേഖർ കോടതിയിൽ നിന്നും ജാമ്യം നേടിയതിന് ശേഷം ഒളിവിൽ പോവുകയായിരുന്നു.

20 വർഷമായി പൊലീസിനെ വെട്ടിച്ച് പ്രതി ഒളിവിൽ കഴിയുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. മട്ടാഞ്ചേരി പൊലീസ് അസിസ്റ്റന്‍റ്റ് കമ്മീഷണർ മനോജ് കെ.ആർ, പള്ളൂരുത്തി പൊലീസ് ഇൻസ്പെക്ടർ ഗിരീഷ് കുമാർ എന്നിവരുടെ മേൽനോട്ടത്തിൽ പള്ളൂരുത്തി പൊലീസ് സ്റ്റേഷനിലെ പൊലീസ് സബ്ബ് ഇൻസ്പെക്ടർ ശിവൻ, എ.എസ്.ഐ അനിൽ കുമാർ, സിവിൽ പൊലീസ് ഓഫീസർ അനീഷ് സി.കെ എന്നിവർ ചേർന്നാണ് പ്രതിയെ തമിഴ്നാട്ടിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ പിടികൂടിയത്.

 

shortlink

Post Your Comments


Back to top button