Kerala

80ലക്ഷം തട്ടിയെന്ന പരാതി അന്വേഷിച്ചു, കണ്ടെത്തിയത് 20കോടിയുടെ തട്ടിപ്പ്: ധന്യ പണം മാറ്റിയത് ഓൺലൈൻ ഗോൾഡ് പ്ലാറ്റ്ഫോം വഴി

തൃശൂർ: വലപ്പാട് മണപ്പുറം കോമ്പ്ടെക് ആൻറ് കൺസൾട്ടൻസി ലിമിറ്റഡിലെ എജിഎം ആയിരുന്ന ധന്യ മോഹൻ 20 കോടി രൂപ സ്ഥാപനത്തിൽ നിന്നും അടിച്ചുമാറ്റിയത് സ്വർണനിക്ഷേപ സ്കീമിന്റെ മറവിൽ. ഓൺലൈൻ ഗോൾഡ് പ്ലാറ്റ്ഫോം വഴിയായിരുന്നു പണം അക്കൗണ്ടികളിലേക്ക് മാറ്റിയതെന്നും പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കേസ് ഇനി ക്രൈംബ്രാഞ്ചിന് കൈമാറും.

മണപ്പുറം കോംപ്ടെക് ആൻറ് കൺസൾട്ടൻസി ലിമിറ്റഡിലെ എജിഎം ആയിരുന്ന ധന്യ മോഹൻ എൺപത് ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ തുടങ്ങിയ പൊലീസ് അന്വേഷണമാണിപ്പോൾ 19.94 കോടി തട്ടിയെന്ന കണ്ടെത്തലിൽ എത്തിയിരിക്കുന്നത്. ആറുലക്ഷം രൂപക്കുള്ള സ്വർണം നിക്ഷേപിച്ചാൽ അഞ്ചു ലക്ഷം രൂപ വരെ ലോണെടുക്കാം എന്ന സ്കീമിന്റെ മറവിലാണ് ധന്യ തട്ടിപ്പ് നടത്തിയത്. ഒരു തവണ ധനകാര്യ സ്ഥാപനത്തിൽ പോകുന്ന ഇടപാടുകാരന് വീട്ടിലിരുന്ന് ലോണെടുക്കാനും സൗകര്യമുണ്ടായിരുന്നു.

ധന്യ 6 ലക്ഷത്തിന്റെ സ്വർണം ഇവിടെ നിക്ഷേപിച്ചിരുന്നു. പിടിക്കപ്പെടാതിരിക്കാൻ ചെറിയ തുകകൾ വീതമാണ് അക്കൗണ്ടിലേക്ക് മാറ്റിയത്. ഇരുപത്തി അയ്യായിരം മുതൽ ഒരു ലക്ഷം വരെയാണ് തന്റെയും ബന്ധുക്കളുടെയും അക്കൗണ്ടുകളിലേക്ക് ധന്യ മാറ്റിയത്. ധന്യ മോഹനെ ഒരാഴ്ചത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന് അനേഷണ സംഘം കോടതിയിൽ ആവശ്യപ്പെട്ടു. കസ്റ്റഡി അപേക്ഷ അടുത്ത ദിവസം കൊടുങ്ങല്ലൂർ കോടതി പരിഗണിക്കും.

ഭർത്താവിൻറെ എൻആർഐ അക്കൗണ്ടിലേക്ക് കുഴൽപ്പണ സംഘം വഴി പണം കൈമാറിയോ എന്നും പരിശോധിക്കുന്നുണ്ട്. രണ്ടു കോടിക്ക് മുകളിലുള്ള സാമ്പത്തിക തട്ടിപ്പുകൾ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന സർക്കുലറുള്ളതിനാലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുക. ധന്യ പണം കടത്തിയ വഴിതേടിയുള്ള അന്വേഷണം തുടങ്ങിയിട്ടുണ്ട്. ധന്യയുടെയും ബന്ധുക്കളുടെയും നാലു വർഷത്തെ അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ചു. ധന്യക്ക് മാത്രം അഞ്ച് അക്കൗണ്ടുകളാണ് ഉണ്ടായിരുന്നത്. അച്ഛൻറെ അക്കൗണ്ടിലേക്ക് നാല്പത് ലക്ഷവും ഭർത്താവിൻറെ അക്കൗണ്ടിലേക്ക് ഇരുപത്തിയഞ്ച് ലക്ഷവും കടത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വലപ്പാട്ടെ വീട്ടിൽ ധന്യ തനിച്ചായിരുന്നു താമസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button