കൊഴിഞ്ഞാമ്പാറ: കുടുംബസമേതമായുള്ള യാത്രയിൽ കാറിൽ കുഴൽപ്പണം കടത്തിയ യുവാവ് അറസ്റ്റിൽ. കൈകാണിച്ചിട്ടും നിർത്താതെപോയ വാഹനം പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. മലപ്പുറം താനൂർ പനക്കാട്ടൂർ സ്വദേശി എസ്. മുഹമ്മദ് ഹാഷിമിനെയാണ് (31) രേഖകളില്ലാത്ത 20.04 ലക്ഷം രൂപയുമായി കൊഴിഞ്ഞാമ്പാറ പോലീസ് അറസ്റ്റുചെയ്തത്.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ബുധനാഴ്ചരാത്രി എട്ടുമണിയോടെ മേനോൻപാറയിൽ നടത്തിയ വാഹനപരിശോധനയ്ക്കിടെ കൈകാണിച്ചെങ്കിലും കാർ നിർത്താതെപോയി. ഇതോടെ വിവരം ചിറ്റൂർ പോലീസിന് കൈമാറി.
തുടർന്ന്, ചിറ്റൂർ പോലീസിന്റെ സഹായത്തോടെ 8.30ഓടെ കുറ്റിപ്പള്ളം സി.പി. ചള്ളയിൽനിന്ന് കാർ പിടികൂടി. തുടർന്നുനടത്തിയ പരിശോധനയിൽ കാറിന്റെ രഹസ്യ അറയിൽ സൂക്ഷിച്ച 20.4 ലക്ഷംരൂപ കണ്ടെത്തി. സംശയം തോന്നാതിരിക്കാൻ ഭാര്യയും മൂന്ന് ചെറിയ കുട്ടികളെയും കൂട്ടിയായിരുന്നു യാത്ര.
ചിറ്റൂർ ഡിവൈ.എസ്.പി. വി.എ. കൃഷ്ണദാസ്, കൊഴിഞ്ഞാമ്പാറ സി.ഐ. എം.ആർ. അരുൺകുമാർ, ചിറ്റൂർ സി.ഐ. ജെ. മാത്യു, കൊഴിഞ്ഞാമ്പാറ എസ്.ഐ. ബി. പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കാർ പിന്തുടർന്ന് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഹാഷിമിനെ റിമാൻഡ് ചെയ്തു.
ഹാഷിം ഇതിനുമുൻപും സമാനരീതിയിൽ കുഴൽപ്പണം കടത്തിയതിന് പരപ്പനങ്ങാടി, പെരിന്തൽമണ്ണ, കസബ എന്നീ സ്റ്റേഷനുകളിൽ കേസുള്ളതായി കൊഴിഞ്ഞാമ്പാറ സി.ഐ. എം.ആർ. അരുൺകുമാർ പറഞ്ഞു. ഭാര്യയെയും മക്കളെയും സംഭവദിവസം രാത്രിതന്നെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.
Post Your Comments