ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയില്‍ മണ്ണിടിച്ചിലില്‍ അപകടത്തില്‍പ്പെട്ട മലയാളി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താന്‍ കാര്യക്ഷമമായ രക്ഷാപ്രവര്‍ത്തനം നടത്തുമെന്ന് ഉത്തര കന്നഡ എസ്പിയും ജില്ലാ കളക്ടറും പറഞ്ഞു. കനത്ത മഴയാണ് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നതെന്ന് എസ്പി നാരായണ്‍ പറഞ്ഞു. ജിപിഎസ് ലൊക്കേഷന്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് തന്നെയെന്ന് കളക്ടര്‍ ലക്ഷ്മി പ്രിയ പറഞ്ഞു.
Read Also: മദ്യപാനം പ്രോത്സാഹിപ്പിച്ചു: ബോബി ചെമ്മണ്ണൂരിനെതിരെ എക്‌സൈസ് കേസെടുത്തു
രണ്ട് സാധ്യതകളാണ് ഉള്ളത് – ഒന്ന് ലോറി മണ്ണിനടിയില്‍ ആകാം, അല്ലെങ്കില്‍ ഗംഗാവലി പുഴയില്‍ വീണിരിക്കാമെന്ന് കളക്ടര്‍ പറഞ്ഞു. വെള്ളത്തിനടിയില്‍ ലോറി ഉണ്ടോ എന്നറിയാന്‍ നാവികസേനയുടെ സഹായം തേടി. എഞ്ചിന്‍ ഇന്നലെ വരെ ഓണ്‍ ആയിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ മണ്ണ് നീക്കല്‍ വേഗത്തിലാക്കി. ഇത് വരെ അത്തരമൊരു ലോറി മണ്ണിനടിയില്‍ ഉണ്ട് എന്നതിന്റെ അടയാളങ്ങള്‍ കണ്ടെത്താനായിട്ടില്ലെന്നും കളക്ടര്‍ പറഞ്ഞു.
സംഭവത്തില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇടപെട്ടു. കര്‍ണാടക ലോ ആന്‍ഡ് ഓര്‍ഡര്‍ എഡിജിപി ആര്‍ ഹിതേന്ദ്രയോട് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഓഫീസ് അറിയിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ വിളിച്ച് സംസാരിച്ചതിനെ തുടര്‍ന്നാണ് ഇടപെടല്‍. ഏറ്റവും ഒടുവില്‍ റിംഗ് ചെയ്ത നമ്പര്‍ കര്‍ണാടക സൈബര്‍ സെല്ലിന് കൈമാറി. വിവരങ്ങള്‍ എത്രയും പെട്ടെന്ന് നല്‍കാമെന്ന് പൊലീസ് മുഖ്യമന്ത്രിയെ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം വേഗത്തില്‍ ആക്കാന്‍ പൊലീസിനും അഗ്‌നിശമന സേനയ്ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സിദ്ധരാമയ്യയുടെ ഓഫീസ് അറിയിച്ചു.
ജൂലൈ എട്ടിനാണ് അര്‍ജുന്‍ ലോറിയില്‍ പോയതെന്നും തിങ്കളാഴ്ചയാണ് അവസാനമായി വിളിച്ച് സംസാരിച്ചതെന്നും അര്‍ജുന്റെ വീട്ടുകാര്‍ പറഞ്ഞു. ചൊവ്വാഴ്ച മുതല്‍ ഫോണില്‍ കിട്ടുന്നില്ല. ഇന്ന് രാവിലെ എട്ടിന് വിളിച്ചപ്പോള്‍ അര്‍ജുന്റെ ഫോണ്‍ റിങ് ചെയ്തിരുന്നു. പിന്നീട് സ്വിച്ച് ഓഫായെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. ഇന്നലെ രാത്രി വരെ ലോറിയുടെ എഞ്ചിന്‍ ഓണായിരുന്നുവെന്നാണ് ഭാരത് ബെന്‍സ് കമ്പനി വീട്ടുകാരെ അറിയിച്ചത്.
അര്‍ജുനെ കണ്ടെത്താന്‍ കേരള സര്‍ക്കാരും പ്രതിപക്ഷവും സമ്മര്‍ദം ശക്തമാക്കിയതോടെയാണ് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍, എം കെ രാഘവന്‍ എംപി, കെസി വേണുഗോപാല്‍ എംപി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തുടങ്ങിയവര്‍ ഇടപെട്ടു. വി ഡി സതീശന്‍ ഡി കെ ശിവകുമാറുമായും സംസാരിച്ച് അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു.
Post Your Comments