പെരുമ്പാവൂരിലെ നിയമ വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ കേസിൽ വധ ശിക്ഷക്കെതിരെ പ്രതി അമീറുൽ ഇസ്‌ലാം സുപ്രീംകോടതിയെ സമീപിച്ചു. താൻ നിരപരാധി എന്ന് തെളിയിക്കാൻ കഴിയുന്ന തെളിവുകൾ ഉണ്ടെന്ന് ഹർജിയിൽ അമീറുൽ ഇസ്ലാം ചൂണ്ടിക്കാട്ടുന്നു. വധശിക്ഷയുടെ ഭരണഘടന സാധുതയും ചോദ്യംചെയ്താണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
ഈ വർഷം മെയ് 20നാണ് ഹൈക്കോടതി അമീറുൽ ഇസ്‌ലാമിന്റെ വധശിക്ഷ ശരിവെച്ചത്. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അമീറുൾ ഇസ്ലാം നൽകിയ അപ്പീൽ തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതി വിധി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി 2017 ഡിസംബറിലാണ് ജിഷ വധക്കേസിൽ അമീറുൾ ഇസ്ലാമിന് വധശിക്ഷ വിധിച്ചത്. ഇത് ശരിവയ്ക്കാൻ സംസ്ഥാന സർക്കാർ നൽകിയ അപേക്ഷയിലായിരുന്നു ഹൈക്കോടതിയുടെ വിധി.
2016 ഏപ്രിൽ 28നാണ് പെരുമ്പാവൂർ കുറപ്പുംപടിയ്ക്കടുത്ത് ഇരിങ്ങോളിൽ നിയമ വിദ്യാർഥിനിയായ യുവതി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. 2016 ജൂൺ 14നാണ് പ്രതിയായ അമീറുൽ ഇസ്ലാമിനെ തമിഴ്‌നാട്-കേരള അതിർത്തിയിൽ നിന്ന് അറസ്റ്റ് ചെയ്യുന്നത്. 2016 സെപ്റ്റംബർ 16ന് കുറ്റപത്രം സമർപ്പിച്ച കേസിൽ 2017 മാർച്ച് 13ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിചാരണ തുടങ്ങി. 2017 ഡിസംബർ 6ന് കേസിൽ അന്തിമവാദം പൂർത്തിയായി. 2017 ഡിസംബർ 12ന അമീറുൽ ഇസ്‌ലാമിനെ കുറ്റക്കാരനെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചു. 2017 ഡിസംബർ 14ന് അമീറുൽ ഇസ്‌ലാമിന് വധശിക്ഷ വിധിച്ചു.
Post Your Comments