ഹൈദരാബാദ്: സഹപ്രവര്‍ത്തകയായ യുവതിയെ ബോധരഹിതയാക്കി കാറിനുള്ളിലിട്ട് പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായി. ഹൈദരാബാദിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയിലെ സെയില്‍സ് എക്‌സിക്യുട്ടീവുമാരായ സങ്കറെഡ്ഡി(39) ജനാര്‍ദന്‍ റെഡ്ഡി(25) എന്നിവരെയാണ് മിയാപുര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ കമ്പനിയില്‍ ജീവനക്കാരിയായ 26-കാരിയാണ് ക്രൂരമായ ലൈംഗിക പീഡനത്തിനിരയായത്.
ജൂണ്‍ 30ന് രാത്രിയായിരുന്നു സംഭവം. മിയാപുരിലെ സ്വകാര്യ ഹോസ്റ്റലില്‍ താമസിക്കുന്ന യുവതിയും സഹപ്രവര്‍ത്തകരായ പ്രതികളും സംഭവദിവസം ഒരുമിച്ച് യാത്രപോയിരുന്നു. ജൂണ്‍ 30ന് രാവിലെ ഹൈദരാബാദില്‍നിന്ന് യദാദ്രിയിലേക്കാണ് മൂവരും കാറില്‍ യാത്രതിരിച്ചത്. തുടര്‍ന്ന് തിരികെവരുന്നതിനിടെയാണ് പ്രതികള്‍ യുവതിയെ മയക്കുമരുന്ന് കലര്‍ത്തിയ ശീതളപാനീയം നല്‍കി ലൈംഗികമായി പീഡിപ്പിച്ചത്.
രാത്രി മണിക്കൂറുകളോളം കാറില്‍വെച്ച് പ്രതികള്‍ യുവതിയെ പീഡനത്തിനിരയാക്കിയെന്നാണ് റിപ്പോര്‍ട്ട്. അവശനിലയിലായ യുവതിയെ പിറ്റേദിവസം പുലര്‍ച്ചെ മൂന്നുമണിയോടെ മിയാപുരിലെ ഹോസ്റ്റലിന് സമീപം ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളയുകയും ചെയ്തു.
മടക്കയാത്രയ്ക്കിടെ ആസൂത്രിതമായാണ് പ്രതികളായ രണ്ടുപേരും യുവതിയെ ആക്രമിച്ചതെന്നാണ് പോലീസ് പറയുന്നത്. രാത്രി 10.30-ഓടെ നിര്‍മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിന് സമീപം പ്രതികള്‍ കാര്‍ നിര്‍ത്തി. ബ്രേക്ക്ഡൗണ്‍ ആയെന്ന് പറഞ്ഞാണ് ഇരുവരും ഇവിടെ വാഹനം നിര്‍ത്തിയത്. തുടര്‍ന്ന് രണ്ടുപേരും യുവതിക്ക് ഭക്ഷണം നല്‍കി. എന്നാല്‍, ഭക്ഷണം വേണ്ടെന്നായിരുന്നു യുവതിയുടെ മറുപടി. ഇതോടെ ജനാര്‍ദന്‍ റെഡ്ഡി ശീതളപാനീയവും മധുരപലഹാരവും യുവതിക്ക് നല്‍കി. പാനീയം കുടിച്ചതിന് പിന്നാലെ യുവതിക്ക് തലകറക്കം അനുഭവപ്പെട്ടു. യാത്രയ്ക്കിടെ ഭക്ഷണമൊന്നും കഴിക്കാത്തതിനാലാണ് തലകറക്കം അനുഭവപ്പെട്ടതെന്നാണ് പരാതിക്കാരി ആദ്യംകരുതിയത്. ഇതിനിടെ ജനാര്‍ദന്‍ റെഡ്ഡി വീണ്ടും പലഹാരം നല്‍കി. ഇത് കഴിച്ചതോടെ യുവതി ബോധരഹിതയാവുകയായിരുന്നു.
അബോധാവസ്ഥയിലായ യുവതിയുടെ വസ്ത്രങ്ങളെല്ലാം പ്രതികള്‍ അഴിച്ചുമാറ്റി. തുടര്‍ന്ന് ലൈംഗികമായി പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തു. കാറിനുള്ളില്‍വെച്ച് മണിക്കൂറുകളോളം ഇരുവരും ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ചെന്നാണ് പോലീസ് പറയുന്നത്. പുലര്‍ച്ചെയോടെ യുവതിയെ ഹോസ്റ്റലിന് സമീപം ഇറക്കിവിട്ട് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു.
ഉപ്പാള്‍ സ്റ്റേഷനിലാണ് സംഭവത്തില്‍ ആദ്യം സീറോ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. പരാതിക്കാരി ഉപ്പാള്‍ സ്റ്റേഷനില്‍ പരാതി നല്‍കിയതിനാലാണ് സീറോ എഫ്.ഐ.ആര്‍. ഇവിടെ രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് കേസ് മിയാപുര്‍ പോലീസിന് കൈമാറുകയും രണ്ടുപ്രതികളെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
Post Your Comments