ന്യൂഡല്‍ഹി: ട്രിപ്പിള്‍ ജംപില്‍ കോഴിക്കോട് നാദാപുരം സ്വദേശി അബ്ദുല്ല അബൂബക്കര്‍ പാരിസ് ഒളിംപിക്സില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി. ട്രിപ്പിളില്‍ നേരിട്ടുള്ള യോഗ്യതാ മാര്‍ക്ക് (17.22 മീറ്റര്‍) മറികടക്കാനായില്ലെങ്കിലും ‘റോഡ് ടു പാരിസ്’ റാങ്കിങ്ങില്‍ 21-ാം സ്ഥാനത്തെത്തിയാണ് അബ്ദുല്ല യോഗ്യതാ മാര്‍ക്ക് ഉറപ്പിച്ചത്. തമിഴ്നാട്ടുകാരന് പ്രവീണ്‍ ചിത്രവേലും (23-ാം റാങ്ക്) പാരിസ് യോഗ്യത ഉറപ്പിച്ചു. ആദ്യ 32 റാങ്കുകാര്‍ക്കാണ് അവസരം.
വനിതാ ജാവലിന്‍ ത്രോയില്‍ അന്നു റാണി (ലോക റാങ്കിങ് 21), പുരുഷ ഷോട്പുട്ടില്‍ തേജീന്ദര്‍പാല്‍ സിങ് ടൂര്‍ (23), വനിതകളില്‍ ആഭ ഖാത്തുവ (23), പുരുഷ ഹൈജംപില്‍ സര്‍വേഷ് കുഷാരെ (23) എന്നിവരും യോഗ്യത നേടി. റാങ്കിങ്ങില്‍ ആദ്യ 32ല്‍ വരുന്നവര്‍ക്കാണ് ഈയിനങ്ങളില്‍ അവസരം കിട്ടുന്നത്. ഉത്തര്‍പ്രദേശുകാരി പാരുല്‍ ചൗധരി 5000 മീറ്ററില്‍ റാങ്കിങ്ങിലൂടെ യോഗ്യത നേടി. 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചെയ്സില്‍ യോഗ്യതാ മാര്‍ക്ക് മറികടന്ന താരം ഇതോടെ രണ്ടിനങ്ങളില്‍ മത്സരിക്കും.
പുരുഷ ലോങ്ജംപില്‍ തമിഴ്നാട്ടുകാരന് ജസ്വിന് ആല്ഡ്രിന് 33-ാം റാങ്കിലായിപ്പോയെങ്കിലും 7-ാം റാങ്കിലുള്ള മലയാളിതാരം എം.ശ്രീശങ്കര്‍ പരുക്കേറ്റു പിന്മാറിയതിനാല് സാധ്യത നിലനില്‍ക്കുന്നുണ്ട്. റാങ്കിങ് പ്രകാരം ഈ താരങ്ങള്‍ക്കെല്ലാം യോഗ്യത ഉറപ്പാണെങ്കിലും ദേശീയ അത്ലറ്റിക് ഫെഡറേഷന്റെ സിലക്ഷന്‍ കമ്മിറ്റിയാകും ഇവരെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. റിലേ ടീമിനെ ഉള്‍പ്പെടെ ഫെഡറേഷന് ഉടന്‍ പ്രഖ്യാപിക്കും.
Post Your Comments